മെഡിക്കൽ കോളേജ് പരിസരം പൊലീസ് വലയത്തിൽ
തൃശൂർ: അട്ടപ്പാടി വനമേഖലയിൽ തണ്ടർ ബോൾട്ടിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്നലെ രാത്രി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തിച്ചു. കർണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്‌നാട് സ്വദേശി കാർത്തി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാത്രി വൈകി എത്തിച്ചത്. സായുധ പൊലീസുകാർ തന്നെയാണ് മൃതദേഹം ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവരുന്നതിന്റെ ഭാഗമായി മെഡിക്കൽ കോളേജ് പരിസരം പൊലീസിന്റെ കർശന സുരക്ഷയിലാണ്. ഗുരുവായൂർ എ.സി.പി: ബിജു ഭാസ്‌കർ, പേരാമംഗലം സി.ഐ: രാജേഷ് കെ. മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. മോർച്ചറിയുടെ ഭാഗത്ത് ഇന്നലെ രാത്രിയോടെ കൂടുതൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ആശുപത്രിയിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി.
മെഡിക്കൽ കോളേജിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മാവോയിസ്റ്റുകൾക്ക് തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വേരുകളുണ്ട്. മാവോയിസ്റ്റ് ആക്രമണങ്ങൾക്ക് ശേഷം ജില്ലയുടെ വിവിധ വനമേഖലകളിൽ ഇവർ ഒളിവിൽ കഴിഞ്ഞിരുന്നതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. പലപ്പോഴും അതിരപ്പിള്ളി മേഖലയിലും മറ്റും മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തിയിരുന്നു. അട്ടപ്പാടിയിലെ ഓപറേഷന് പ്രതികാരം ഉണ്ടാകുമോയെന്ന ഭയവും പൊലീസിനുണ്ട്. അതിനാൽ തന്നെ മെഡിക്കൽ കോളേജ് പരിസരത്ത് സംശയാസ്പദമായ രീതിയിൽ കാണുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തോടെയായിരിക്കും പോസ്റ്റ് മോർട്ടം നടക്കുക.