അരിമ്പൂർ: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് പുനരന്വേഷണം വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ ജോസഫൈൻ പറഞ്ഞു. നടന്നത് പോക്‌സോ കേസാണ്. ഇത് വനിതാ കമ്മിഷന്റെ പരിധിയിൽ വരില്ല. സംസ്ഥാന വനിത കമ്മിഷന്റെയും, അരിമ്പൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ ജാഗ്രതാ സമിതിയുടെ ശാക്തീകരണ ശിൽപശാല ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ജോസഫൈൻ. നാട്ടിലെ തെളിവു നിയമവും, ക്രിമിനൽ നിയവും ദുർബലമാണെന്നും അതിൽ തങ്ങൾ സ്ത്രീകൾക്ക് ശക്തമായ പ്രതിഷേധം ഉണ്ട്. വിഷയത്തിൽ, പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. സി.ബി.ഐ അന്വേഷണം വേണമോ എന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു. ശാക്തീകരണ ശിൽപശാല എം.സി ജോസഫൈൻ ഉദ്ഘാടനം ചെയ്തു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ് അദ്ധ്യക്ഷയായി. സംസ്ഥാന വനിത കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി, വനിത കമ്മിഷൻ കൗൺസിലർ മാല രമണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ പത്മിനി ടീച്ചർ എന്നിവർ ക്ലാസെടുത്തു.