തൃശൂർ: കെ.എസ്‌.യു സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയെ എസ്.എഫ്‌.ഐ പ്രവർത്തകർ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. തൃശൂർ മാള എ.ഐ.എം ലാ കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് ആൻലിയയ്ക്ക് നേരെയാണ് അക്രമം ഉണ്ടായത്. മർദ്ദനത്തിൽ ആൻലിയയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മാസമായി എസ്.എഫ്.ഐ പ്രവർത്തകർ പല രീതിയിൽ അധിക്ഷേപിക്കുന്നതായി ആൻലിയ പറഞ്ഞു.

തൃശൂരിൽ കെ.എസ് .യു പ്രവർത്തകർ സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്തതോടെയാണ് എസ്.എഫ്‌.ഐ പ്രവർത്തകർക്ക് തന്നോട് വിദ്വേഷം ഉണ്ടായതെന്ന് ആൻലിയ കൂട്ടിച്ചേർത്തു. മോശം പെരുമാറ്റത്തെ തുടർന്ന് മാനേജ്‌മെന്റിന് ആൻലിയ പരാതി നൽകി. മാതാപിതാക്കൾ കോളേജിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടർന്ന് വീണ്ടും കോളേജിലെത്തിയപ്പോഴാണ് ആൻലിയയ്ക്ക് നേരെ ആക്രമണമുണ്ടായത്. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ദിൽജിത്ത് കഴുത്തിൽ പിടിച്ചതായും വയറ്റിൽ ഇടിച്ചതായും ആൻലിയ പറഞ്ഞു. കൈയിൽ കത്തിയുമായാണ് ദിൽജിത്ത് ആക്രമിക്കാനെത്തിയതെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിലുണ്ട്. ആക്രമണം തടയാനെത്തിയ മറ്റ് കെ.എസ് .യു പ്രവർത്തകർക്കും മർദ്ദനമേറ്റിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിനി ഇപ്പോൾ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.