അരിമ്പൂർ: സംസ്ഥാന വനിതാവകാശ കമ്മിഷൻ ചെയർപേഴ്‌സൻ എം.സി ജോസഫൈന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രകടനം. കാറിനടത്തേക്ക് പാഞ്ഞെത്തി, കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ശില്പയെ വനിതാ സി.പി.ഒ അനിതയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് നീക്കി. മറ്റൊരു കാറിലുണ്ടായിരുന്ന സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ കാറിന് നേരെയും ഇവർ പാഞ്ഞടുത്തു. ഇതിനിടെ സംഭവസ്ഥലത്ത് എൽ.ഡി.എഫ് പ്രവർത്തകരും യു.ഡി.എഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. തിക്കിലും തിരക്കിലും പെട്ട് ശിൽപശാലയിൽ പങ്കെടുക്കാൻ പോയിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. സംസ്ഥാന വനിതാ കമ്മിഷന്റെയും, അരിമ്പൂർ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടന്ന ജാഗ്രത സമിതിയുടെ ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനത്തിനെത്തിയതായിരുന്നു ജോസഫൈൻ. സംഭവത്തിൽ 13 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ അരിമ്പൂർ സെന്ററിൽ പ്രതിഷേധ പ്രകടനവും വേദിക്കരികിലെ റോഡിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. അരിമ്പൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എ ജോസ് , വൈസ് പ്രസിഡന്റ് ജിജോ നീലങ്കാവിൽ, സി.എൽ ജോൺസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.