തൃശൂർ: നവോത്ഥാനത്തിന്റെ തിലകക്കുറിയായിരുന്ന എസ്.എൻ.ഡി.പി സ്ഥാപകൻ ഡോ. പൽപ്പുവിന്റെ ജീവചരിത്രത്തെ ചരിത്രകാരന്മാർ വളച്ചൊടിക്കുകയായിരുന്നുവെന്ന് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. കേരളകൗമുദി റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോ. പൽപ്പുവിന്റെ ജയന്തി ആഘോഷം തൃശൂർ ജവഹർ ബാലഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.എൻ.ഡി.പി യോഗം സ്ഥാപിക്കാൻ സ്വാമി വിവേകാനന്ദനാണ് ഡോ. പൽപ്പുവിനോട് നിർദ്ദേശം നൽകിയതെന്നാണ് പല പ്രമുഖ ചരിത്രകാരന്മാരും എഴുതിച്ചേർത്തത്. ചരിത്രം ശരിയായി പരിശോധിച്ചാൽ സ്വാമി വിവേകാനന്ദനും ഡോ. പൽപ്പുവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാകും. 1950 വരെ ഇങ്ങനെയൊരു ബന്ധം ആരും വ്യക്തമാക്കുന്നില്ല. സ്വാമി വിവേകാനന്ദനുമായുളള ബന്ധം മഹാകവി കുമാരനാശാനും എവിടെയും പരാമർശിക്കുന്നില്ല. എല്ലാ സാമൂഹിക പരിഷ്‌കരണങ്ങൾക്ക് പിന്നിലും ഒരു സവർണ്ണ നേതൃത്വം ഉണ്ടാകണമെന്ന് ശഠിക്കുന്നവരാകാം അത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. ശ്രീനാരായണ ഗുരുദേവൻ കഴിഞ്ഞാൽ ഡോ. പൽപ്പുവിന് തുല്യരായി ഒരു സാമൂഹിക പരിഷ്‌കർത്താവും സാമുദായിക നേതാവും ഉണ്ടായിട്ടില്ല. ഗുരുദേവൻ അദ്ദേഹത്തെ തട്ടിയുണർത്തുകയായിരുന്നു. വടക്കെ ഇന്ത്യയിൽ ഉയർന്ന സമുദായത്തിൽ ജനിച്ചിരുന്നുവെങ്കിൽ ഡോ. പൽപ്പു അന്തർദേശീയ തലത്തിലുള്ള നേതാവായി മാറുമായിരുന്നു. അദ്ദേഹത്തിന്റെ അടുത്തുപോലും നിൽക്കാൻ അർഹതയില്ലാത്തവർ ദേശീയതലത്തിൽ അറിയപ്പെട്ടു. ഗുരുദർശനങ്ങൾ പഠിക്കാതെ ഗുരുത്വമില്ലാതായി പോകുന്നവർ സമുദായത്തിൽ ഉണ്ടാകരുത്.
ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുന്ന ഒരേയൊരു പത്രം കേരളകൗമുദിയാണ്. അത് ശ്രീനാരായണീയർ തിരിച്ചറിയണം. കേരളകൗമുദി ഇല്ലായിരുന്നെങ്കിൽ സാമുദായിക സംവരണം അറബിക്കടലിൽ ആകുമായിരുന്നു. കുളത്തൂർ പ്രസംഗത്തിലൂടെ പത്രാധിപർ സുകുമാരനും തന്റെ ജീവിതം കൊണ്ട് ഡോ. പൽപ്പുവുമെല്ലാമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സംവരണം നേടിത്തന്നതെന്ന് ആരും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പിയുടെ ശരീരം ഡോ. പൽപ്പുവും ആത്മാവ് ഗുരുദേവനുമാണെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറിമാരായ കെ.എ ഉണ്ണിക്കൃഷ്ണൻ, ഡി. രാജേന്ദ്രൻ, ടി.കെ. രവീന്ദ്രൻ, കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ് കിരൺ എന്നിവർ പ്രസംഗിച്ചു. ഡെസ്‌ക് ചീഫ് സി.ജി സുനിൽ കുമാർ സ്വാഗതവും ബ്യൂറോ ചീഫ് പ്രഭു വാര്യർ നന്ദിയും പറഞ്ഞു. ഇന്ദിരാദേവി ടീച്ചർ പ്രാർത്ഥന ആലപിച്ചു. കെ.ആർ നാരായണൻ, എം.കെ നാരായണൻ മാസ്റ്റർ, എം.വി കുമാരൻ മാസ്റ്റർ, കെ.എൻ ഉണ്ണിക്കൃഷ്ണൻ, ബാലൻ അമ്പാടത്ത്, കെ.കെ ബാലൻ, എ.സി ശ്രീധരൻ മാസ്റ്റർ, വി.സി ഗോപിനാഥൻ, ധർമ്മൻ വിയ്യത്ത്, വത്സല ടീച്ചർ, വത്സല ബാലൻ, ഹരിദാസ് വാഴപ്പുള്ളി തുടങ്ങിയവരെ ആദരിച്ചു.