കൊടകര: കാർഷിക കാർഷികേതര വികസന സഹകരണ സംഘത്തിന്റെ ആധുനീകരിച്ച ഓഫീസിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നവംബർ മൂന്നിന് രാവിലെ 10ന് കേയാൽ കോംപ്ലക്‌സിൽ സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറ് വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സഹകരണസംഘം ഇക്കാലയളവിൽ ക്ലാസ് രണ്ട് ഗ്രേഡ് പദവി നേടി. 450 ഓളം മൈക്രോ ഫിനാൻസ് യൂണിറ്റുകൾ സംഘത്തിന് കീഴിലുണ്ട്. കൃഷി ചെയ്യുന്ന ഗ്രൂപ്പുകൾക്കും ധനസഹായം നൽകും. കേയാർ കോംപ്‌ളക്‌സിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി പുതുതായി നിർമ്മിച്ച സംഘത്തിന്റെ സ്‌ട്രോംഗ് റൂം ഉദ്ഘാടനം ചെയ്യും. ടി.എൻ. പ്രതാപൻ എം.പി മുൻ ഭരണ സമിതി അംഗങ്ങളെ ആദരിക്കും. ബി.ഡി ദേവസി എം.എൽ.എ ചികിത്സാ സഹായ വിതരണം നടത്തും. പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കും. ജില്ലാ ജോ. രജിസ്ട്രാർ ടി.കെ. സതീഷ് കുമാർ മികച്ച കർഷകരെ ആദരിക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ പ്രസാദ് മികച്ച വായ്പാ ഗ്രൂപ്പിനെ ആദരിക്കും. സംഘം പ്രസിഡന്റും എസ്.എൻ.ഡി.പി കൊടകര യൂണിയൻ സെക്രട്ടറിയുമായ കെ.ആർ. ദിനേശൻ ആമുഖ പ്രസംഗം നടത്തും. തൃശൂർ കാർഷിക കാർഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് കെ.വി സദാനന്ദൻ, എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയൻ പ്രസിഡന്റ് സുന്ദരൻ മൂത്തമ്പാടൻ എന്നിവർ മുഖ്യാതിഥികളാകും. വാർത്താ സമ്മേളനത്തിൽ സഹകരണ സംഘം പ്രസിഡന്റ് കെ.ആർ ദിനേശൻ, വൈസ് പ്രസിഡന്റ് ഇ.എൻ പ്രസന്നൻ, ഡയറക്ടർമാരായ സുധാകരൻ മുണ്ടയ്ക്കൽ, നന്ദകുമാർ ചക്കമല്ലിശേരി, പി.ആർ പ്രമോദ് എന്നിവർ പങ്കെടുത്തു.