തൃശൂർ: ദേശീയ കായിക മേളയിലേക്കുള്ള ബാൾ ബാഡ് മിന്റൺ ഗേൾസ് അണ്ടർ 17, 19 ടീമിനെ തെരഞ്ഞെടുത്തു. തൃശൂരിൽ നടക്കുന്ന സംസ്ഥാന കായിക മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥിനികളിൽ നിന്നാണ് ദേശീയ കായിക മേളയിലേക്കുള്ള കായിക താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. പത്തു പേരടങ്ങുന്ന ടീമിൽ തൃശൂരിൽ നിന്ന് നാലും എറണാകുളം, പാലക്കാട് ജില്ലകളിൽ നിന്ന് രണ്ടും മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഒന്നും വിദ്യാർത്ഥിനികൾ ഉണ്ട്.

തൃശൂർ മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂളിലെ വോൾഗ ഡേവിസ്, ജാസ്മിൻ പോൾ സി, മാള സോകോഴ്‌സോ സ്‌കൂളിലെ ജോഷ്ണ ജോൺ വി, അഭിത പി. വി, മലപ്പുറം എടവണ്ണ ഹയർ സെക്കൻഡറി സ്‌കൂളിലെ മിസ്‌ന . കെ, എറണാകുളം മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ എം.ഇ ബിയാട്രീസ് , കോട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.എസ് ലക്ഷ്മി , പാലക്കാട് വണ്ടാഴി സി.വി.എം ഹൈസ്‌കൂളിലെ കെ. കൃഷ്ണപ്രിയ, കെ.ആർ ഫർസാന, തിരുവനന്തപുരം നെടുമങ്ങാട് ഗേൾസ് ജി.എച്ച്.എസ്.എസിലെ ആതിര സന്തോഷ് എന്നീ വിദ്യാർത്ഥിനികളാണ് യോഗ്യത നേടിയത്. മുൻ ദേശീയ കായിക താരങ്ങളും സ്‌പോർട്‌സ് കൗൺസിൽ അംഗങ്ങളുമായ വൈ. പ്രദീപ്, വിമൽ ചന്ദ്രൻ ആർ, ഒ. ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് ടീമിനെ തെരഞ്ഞെടുത്തത്.