maoist

തൃശൂർ: ''എന്തിനാണ് ഞങ്ങളെ വിളിച്ചുവരുത്തിയത്?​'' മരിച്ച കാർത്തിക്കിന്റെ സഹോദരൻ മുരുകേശൻ ആരോടെന്നില്ലാതെ ചോദിച്ചു. അമ്മ മീന, സഹോദരി വാസന്തി എന്നിവർക്കൊപ്പം ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിലെത്തിയതായിരുന്നു മുരുകേശൻ. അവിടെ എത്താനായിരുന്നു പൊലീസിന്റെയും കളക്ടറുടെയും നിർദ്ദേശം. എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾപോലും ഇതുവരെ സംസാരിച്ചിട്ടില്ല- നിയമത്തിന് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നും മുരുകേശൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഔദ്യോഗികമായി അന്വേഷണ ഉദ്യോഗസ്ഥരോ പോസ്റ്റുമോർട്ടം നടത്തുന്ന ഡോക്ടർമാരോ സംസാരിക്കാത്തതിനാലാണ് എന്തിനാണ് വിളിച്ചുവരുത്തിയതെന്ന ചോദ്യം മുരുകേശൻ ഉന്നയിച്ചത്.
''അട്ടപ്പാടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കാർത്തിക് മരിച്ചുവെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. മരിച്ചത് കാർത്തിക് തന്നെയാണെന്ന് ഒരുറപ്പുമില്ല. മൃതദേഹം ഞങ്ങളെ കാണിച്ചിട്ടില്ല. ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുമില്ല. പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് അടുത്ത ബന്ധുക്കളെ മൃതദേഹം കാണിക്കണമെന്ന നിയമം പൊലീസ് അട്ടിമറിച്ചു. ഒത്തുതീർപ്പിന് തയ്യാറാകണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. നടപടിക്രമം പാലിച്ച് പോസ്റ്റുമോർട്ടം ചെയ്യാത്ത മൃതദേഹം ഏറ്റുവാങ്ങേണ്ടെന്നാണ് തീരുമാനം.''
പുതുക്കോട്ടൈ തിരുമയം താലൂക്കിൽ ഇലക്ട്രിഷ്യനാണ് മുരുകേശൻ. സഹോദരൻ കാർത്തിക് 1996ൽ വീടു വിട്ടതാണ്. പിന്നീട് ഒരു വിവരവുമില്ല. 23 വർഷത്തിനുശേഷം സഹോദരന് എന്തൊക്കെ മാറ്റങ്ങളുണ്ടായെന്നതിൽ ഒരു വ്യക്തതയുമില്ലെന്നും മുരുകേശൻ പറഞ്ഞു.
മണിവാസകത്തിന്റെ സഹോദരി ലക്ഷ്മിയും അവരുടെ ഭർത്താവും ഇന്നലെ മെഡിക്കൽ കോളേജിലെത്തിയിരുന്നു. സേലമാണ് ഇവരുടെ സ്വദേശം. മാണിവാസകത്തിന്റെ ഭാര്യയും മറ്റൊരു സഹോദരിയും കേസിലകപ്പെട്ട് ജയിലിലാണ്.


മരിച്ചവരെക്കുറിച്ച്‌ അവ്യക്തത

പോസ്റ്റുമോർട്ടം ചെയ്യാൻ കൊണ്ടുവന്നവരിൽ ചിലരുടെ പേരുകൾ സംബന്ധിച്ച് അവ്യക്തത. രമ എന്ന പേരിൽ പൊലീസ് പറയുന്ന സ്ത്രീ കർണാടക സ്വദേശിയായ ശ്രീമതിയാണെന്നായിരുന്നു ആദ്യ വിലയിരുത്തൽ. അരവിന്ദെന്ന പേരിലുള്ളയാളുടെ യഥാർത്ഥ പേര് സുരേഷാണെന്നും പറയുന്നു. കർണാടക പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീമതി, സുരേഷ് എന്നീ പേരുകളിൽ ആളില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം നൽകിയിട്ടുണ്ട്.