tree
കൊരട്ടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കടപുഴകിയ അക്വേഷ്യ മരം മുറിച്ചുമാറ്റുന്നു.

കൊരട്ടി: പഞ്ചായത്ത് ഓഫീസിന് മുന്നിൽ റോഡരികിൽ നിന്നിരുന്ന പാഴ്മരം കടപുഴകി വീണ് സംഭവിക്കാമായിരുന്ന ദുരന്തം ഒഴിവായി. മരം വീണ് വൈദ്യുതി കമ്പികളും പൊട്ടി. നിരവധി കമ്പികൾ റോഡിൽ വീണെങ്കിലും ഈ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നത് ഭാഗ്യമായി.

സമീപത്ത് നിറുത്തിയിട്ടിരുന്ന കാറിന് ഭാഗികമായി കേടുപറ്റി. വിതയത്തിൽ നവീൻ ജോസിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. മഴ പെയ്തതിനാൽ മരം വീഴുമ്പോൾ പരിസരത്ത് ആളുകളുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് കൊരട്ടി പൊലീസ് സ്ഥലത്തെത്തി. അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് റോഡിന് കുറുകെ കിടന്ന മരം മുറിച്ചുമാറ്റിയത്. അപകടാവസ്ഥയിൽ നിൽക്കുന്ന പ്രസ്തുത അക്വേഷ്യ മരം വെട്ടുന്നതിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ 25 ഓളം മരങ്ങൾ മുറിച്ചു മാറ്റാൻ പരാതി ലഭിച്ചിട്ടുണ്ടെന്നും ചില സാങ്കേതിക തടസങ്ങളാണ് നടപടികൾ വൈകുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കുമാരി ബാലൻ പറഞ്ഞു.