കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിൽ സ്വകാര്യ വ്യക്തികൾ നടത്തിയ അനധികൃത കോൺക്രീറ്റ് നിർമ്മാണം പൊളിച്ചു മാറ്റി. യുവമോർച്ച പ്രവർത്തകരും നഗരസഭാ കൗൺസിലർ ടി.എസ്. സജീവനും നടത്തിയ ഇടപെടലുകളുടെ പാശ്ചാത്തലത്തിൽ നഗരസഭാചെയർമാൻ കെ.ആർ. ജൈത്രൻ നൽകിയ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് ഇന്നലെ യുദ്ധകാലാടിസ്ഥാനത്തിലാണ് പൊളിച്ച് മാറ്റൽ നടന്നത്.
കോട്ടപ്പുറം മാർക്കറ്റിൽ വർഷങ്ങളായി താൽക്കാലിക ഷെഡ്ഡുകൾ നിർമ്മിച്ച് നഗരസഭയക്ക് വാടക നൽകാതെ, സ്വകാര്യ വ്യക്തികൾ അനധികൃതമായി കച്ചവടം ചെയ്ത് വരികയായിരുന്നു. മാർക്കറ്റിലേയ്ക്കുള്ള റോഡിലും മറ്റും മാർഗ്ഗ തടസ്സമുണ്ടാക്കിയായിരുന്നു ഇവരുടെ കച്ചവടം. റോഡും മാർക്കറ്റും കൈയേറി നടത്തുന്ന കച്ചവടവും ഷെഡ്ഡുകളും ഈയിടെ നഗരസഭാ ചെയർമാൻ ഇടപെട്ട് പൊളിച്ചുമാറ്റിയിരുന്നു.
വർഷങ്ങളായി കച്ചവടം ചെയ്തിരുന്ന മൂന്ന് പേർക്ക്, പൊളിച്ച് മാറ്റിയ ഷെഡ്ഡിന്റെ സ്ഥാനത്ത് നഗരസഭ പൈപ്പും ഷീറ്റും ഉപയോഗിച്ച് താൽക്കാലിക ഷെഡ്ഡ് നിർമ്മിച്ചു കൊടുക്കാമെന്ന് കൗൺസിലിലെ കക്ഷി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ധാരണയുണ്ടാക്കുകയും ചെയ്തു. ഇതു പ്രകാരം നഗരസഭ പ്രവൃത്തി ചെയ്യുന്നതിന് പകരം, കച്ചവടക്കാർ അവരുടെ ചെലവിൽ ഷെഡ്ഡ് നിർമ്മിക്കാമെന്നും ചെലവ് വരുന്നതുക വാടകയിൽ ക്രമപ്പെടുത്താനും തീരുമാനിച്ചു. എന്നാൽ വ്യവസ്ഥകൾക്ക് വിപരീതമായാണ് കോൺക്രീറ്റ് പില്ലറുകളും കോൺക്രീറ്റ് അടിത്തറയും നിർമ്മിച്ച് മുസിരിസ് പൈതൃക രീതിക്ക് വിരുദ്ധമായി അനധികൃതമായ നിർമ്മാണം നടത്തിയത്. അതേസമയം കോട്ടപ്പുറം മാർക്കറ്റിൽ മുസിരിസ് പൈതൃക പദ്ധതി പ്രകാരം നടത്തിയ നിർമ്മാണ പ്രവൃത്തികൾക്ക് നാശം വരുത്തിക്കൊണ്ടാണ് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന ആക്ഷേപത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ മുസിരീസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടറെ കൈയേറ്റം ചെയ്ത സംഭവവും ഇന്നലെ ഉണ്ടായി.