കൊരട്ടി: മുരിങ്ങൂരിൽ ദേശീയ പാതയോരത്തെ കാന നിർമ്മാണത്തിന് തുടക്കം. സിഗ്‌നൽ ജംഗ്ഷന് തെക്കുഭാഗത്തു നിന്നുമാണ് കാന നിർമ്മാണം തുടങ്ങിയത്. ഡിവൈൻ ഇംഗ്ലീഷ് വിഭാഗം ധ്യാന കേന്ദ്രത്തിന് മുന്നിലൂടെ എത്തുന്ന കാന തൊട്ടടുത്ത ബി.ആർ.ഡി കാർ വേൾഡ് കേന്ദ്രം വരെ നീളും. ഇവിടെ നിലവിലുളള കാനയുമായി ഇതിനെ ബന്ധിപ്പിക്കും. ഇവിടെ നിലവിലുള്ള കാനയിൽ നിന്നും പുഴയിലേക്കാണ് വെള്ളം ഒഴുകിപ്പോകുന്നത്.
സർവീസ് റോഡിൽ ഈ അഴുക്കുചാൽ പത്തുവർഷം മുമ്പ് നിർമ്മിക്കുമെന്നായിരുന്നു കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ മറ്റു നിരവധി കരാർ ലംഘനത്തിന്റെ പട്ടികയിൽ ഇതും പെടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് മുരിങ്ങൂരിൽ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ച സംഭവമാണ് കരാർ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ആളിക്കത്തിച്ചത്. ഇതോടെ മുമ്പ് വാഗ്‌ദാനം ചെയ്തിരുന്ന പ്രവൃത്തികൾ ഉടൻ നടപ്പാക്കുകയായിരുന്നു.