തൃശൂർ : തൃശൂരിൽ നടക്കുന്ന അമ്പതാമത് സംസ്ഥാന സ്‌കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരത്തിന്റെ ഏകപക്ഷീയ മുന്നേറ്റം. 104 ഇനങ്ങളിലുള്ള ചാമ്പ്യൻഷിപ്പിലെ 50 മത്സരം പൂർത്തീകരിച്ചപ്പോൾ 300 പോയിന്റ് സ്വന്തമാക്കിയാണ് തിരുവനന്തപുരം കുതിക്കുന്നത്. 33 സ്വർണവും 30 വെള്ളിയും 17 വെങ്കലവും തലസ്ഥാന ജില്ല സ്വന്തമാക്കി. 73 പോയിന്റുമായി കോട്ടയം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. ഏഴ് സ്വർണവും ഏഴ് വെള്ളിയും ആറ് വെങ്കലവും കോട്ടയം നേടി.

മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് ആറ് സ്വർണവും ഏഴ് വെള്ളിയും 13 വെങ്കലവുമായി 71 പോയിന്റുണ്ട്. സ്‌കൂൾ വിഭാഗത്തിൽ 31 പോയിന്റോടെ എറണാകുളം കളമശേരി രാജഗിരി ഹൈസ്‌കൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. നാലു സ്വർണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവും രാജഗിരി സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള കളമശേരി എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിന് 18 പോയിന്റും, മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരം പിരപ്പൻകോട് ഗവ. വി.എച്ച്.എസ്.എസിന് 17 പോയിന്റുമുണ്ട്. സ്‌കൂൾ വിഭാഗം ഓവറാളിൽ ഇതുവരെ 28 സ്‌കൂളുകൾ മെഡൽപട്ടികയിൽ ഇടം പിടിച്ചു കഴിഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പ് നവംബർ ഒന്നിന് സമാപിക്കും.