കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിലെ മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെത്തിയ മുസിരീസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർക്ക് നേരെ കൈയേറ്റം. മുസിരീസ് പൈതൃക പദ്ധതി പ്രകാരം നടത്തിയിട്ടുള്ള നിർമ്മാണ പ്രവൃത്തിക്ക് നാശമുണ്ടാക്കിയെന്ന ആക്ഷേപമറിഞ്ഞ് അന്വേഷിക്കാൻ ഇന്നലെ രാവിലെ കോട്ടപ്പുറത്തെത്തിയ പി.എം നൗഷാദിന് നേർക്കാണ് കൈയേറ്റമുണ്ടായത്. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു കൈയേറ്റം.

കോട്ടപ്പുറം മാർക്കറ്റിൽ പൊതു സ്ഥലം കൈയേറി നടത്തിയ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ചു നീക്കുകയായിരുന്നവരിൽ ഒരാളാണ് അതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച കരിങ്കൽ പാളികൾ പൊളിച്ചതിന്റെ ഫോട്ടോയെടുത്ത് തിരിച്ചുപോരുകയായിരുന്ന നൗഷാദിനെ പിന്തുർന്ന് ബോട്ട് ജെട്ടി പരിസരത്ത് തടഞ്ഞു നിറുത്തിയായിരുന്നു അതിക്രമം. അസഭ്യം പറഞ്ഞ് ഫോൺ തട്ടിപ്പറിച്ചെടുത്ത് ഫോണിലെ ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്ത് കളയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. നൗഷാദ് കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി. പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർക്കെതിരെയുണ്ടായ കൈയേറ്റത്തിൽ മുസിരിസ് പ്രൊജക്ട്സ് ജീവനക്കാർ പ്രതിഷേധിച്ചു. അക്രമികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സർക്കാർ ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.