ഗുരുവായൂർ: റോഡിലെ മരണക്കുഴികൾ അടച്ച് റോഡുകൾ യാത്രായോഗ്യമാക്കാത്തതിൽ പ്രതിഷേധവുമായി കൗൺസിലിൽ ഭരണകക്ഷിയംഗം. പ്രസംഗം അവസാനിപ്പിക്കാൻ എൽ.ഡി.എഫ് കക്ഷി നേതാവ് ആവശ്യപ്പെട്ടിട്ടും വഴങ്ങാൻ തയ്യാറായില്ല. സി.പി.ഐ കക്ഷി നേതാവ് കൂടിയായ അഭിലാഷ് വി. ചന്ദ്രനാണ് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സി.പി.ഐക്കാരിയായ ചെയർപേഴ്സൺ വി.എസ്. രേവതി ഇരിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും വഴങ്ങാതായപ്പോൾ എൽ.ഡി.എഫ് കക്ഷി നേതാവായ സി.പി.എമ്മിലെ ടി.ടി. ശിവദാസനും എഴുന്നേറ്റ് നിന്ന് പ്രസംഗം നിറുത്താൻ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ അഭിലാഷ് 'താങ്കൾ എന്നെ മര്യാദ പഠിപ്പിക്കേണ്ട' എന്നു പറഞ്ഞ് വിമർശനം തുടരുകയായിരുന്നു. തന്റെ വാർഡിലൂടെ കടന്നു പോകുന്ന മാവിൻ ചുവട് റോഡിലെ ദുരിത സ്ഥിതി കൗൺസിലിൽ ഉന്നയിച്ചാണ് സി.പി.ഐയിലെ അഭിലാഷ് വി. ചന്ദ്രൻ ആഞ്ഞടിച്ചത്.
അജൻഡകളിലേക്ക് കടക്കും മുമ്പായിരുന്നു അഭിലാഷിന്റെ രോഷപ്രകടനം. അജൻഡയ്ക്ക് മുമ്പായി സംസാരിച്ച പ്രതിപക്ഷ കൗൺസിലർമാരെയെല്ലാം ഇരുത്തി യോഗ നടപടികളിലേക്ക് കടക്കും മുമ്പായിരുന്നു ഭരണപക്ഷത്തെ ഞെട്ടിച്ച പ്രകടനമുണ്ടായത്.
ചെയർപേഴ്‌സൺ വി.എസ്. രേവതി അജൻഡ വായിക്കാൻ ക്ലർക്കിനോട് ആവശ്യപ്പെട്ടെങ്കിലും തനിക്ക് പറയാനുള്ളത് പറയാതെ അജണ്ട വായിപ്പിക്കില്ലെന്ന് പറഞ്ഞതോടെ ചെയർപേഴ്‌സൻ നിസഹായയായി. എൽ.ഡി.എഫ് പാർലമെൻററി യോഗത്തിൽ പറയേണ്ട കാര്യങ്ങളാണ് സി.പി.ഐ നേതാവ് കൗൺസിലിൽ വന്ന് പറയുന്നതെന്ന് കോൺഗ്രസിലെ ആൻറോ തോമസ് പറഞ്ഞു.
സമരത്തിനും തയ്യാർ
വാട്ടർ അതോറിറ്റിയുടെയും പി.ഡബ്ലു.ഡിയുടെയും നിരുത്തരവാദിത്വമാണ് റോഡുകളുടെ ദുസ്ഥിതിക്ക് കാരണം. ഇക്കാര്യത്തിൽ നഗരസഭ ഇടപെടുന്നില്ല. സഹികെട്ട് മരാമത്ത് മന്ത്രിക്ക് നേരിട്ട് കത്തയച്ചു. ആവശ്യമെങ്കിൽ സമരം ചെയ്യാനും തയ്യാർ. അപകടത്തിൽ ആരെങ്കിലും മരിച്ച ശേഷം അനുശോചിട്ട് കാര്യമില്ല.
-അഭിലാഷ് വി. ചന്ദ്രൻ, സി.പി.ഐ കക്ഷി നേതാവ്