വായ്പ എടുക്കുന്നത് - 16 കോടി, പലിശ നിരക്ക് - 9.19 %
ഗുരുവായൂർ: ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്‌സും നിർമിക്കാൻ ജില്ല സഹകരണ ബാങ്കിൽ നിന്ന് നഗരസഭ 16 കോടി വായ്പ എടുക്കും. 9.19 ശതമാനം പലിശ നിരക്കിലാണ് വായ്പ എടുക്കുക. മറ്റ് സാദ്ധ്യതകൾ തേടാതെ വായ്പ എടുക്കുന്നത് നഗരസഭയുടെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
അമൃത് പദ്ധതിക്കു തന്നെ 40 കോടിയോളം രൂപ കണ്ടെത്തേണ്ട നഗരസഭയ്ക്ക് വായ്പ വലിയ ബാദ്ധ്യതയാകുമെന്നും അവർ പറഞ്ഞു. എന്നാൽ തിരിച്ചടവിനുള്ള സാദ്ധ്യതകൾ ഉറപ്പുവരുത്തിയാണ് വായ്പ എടുക്കുന്നതെന്നും ഏറ്റവും കുറഞ്ഞ പലിശ നിരക്കും നിബന്ധനകളും നോക്കിയാണ് ജില്ലാ സഹകരണ ബാങ്കിനെ തിരഞ്ഞെടുത്തതെന്നും അറിയിച്ചു. നഗരത്തിലെ ലക്ഷ്മി ലോഡ്ജിൽ നിന്ന് കക്കൂസ് മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ശോഭ ഹരിനാരായണൻ ആരോപിച്ചു.
നോട്ടീസ് നൽകി മാറിനിൽക്കുകയാണ് നഗരസഭയെന്ന് അവർ പറഞ്ഞു. ചെയർപേഴ്‌സൻ വി.എസ്. രേവതി അദ്ധ്യക്ഷയായി. കെ.പി. വിനോദ്, കെ.വി. വിവിധ്, ടി.എസ്. ഷെനിൽ, പി.കെ. ശാന്തകുമാരി, ആന്റോ തോമസ്, റഷീദ് കുന്നിക്കൽ എന്നിവർ സംസാരിച്ചു.