തൃശൂർ : അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം നടത്തിയത് തൃശൂർ മെഡിക്കൽ കോളേജ് ഇതുവരെ കാണാത്ത സുരക്ഷാ സന്നാഹത്തിൽ.

പോസ്റ്റുമോർട്ടം നടക്കുന്ന മോർച്ചറിക്ക് 300 മീറ്റർ അകലെ കയർകെട്ടി വഴി അടച്ചു.

ക്വാർട്ടേഴ്‌സിലും ഹോസ്റ്റലുകളിലും താമസിക്കുന്ന ജീവനക്കാരെയും വിദ്യാർത്ഥികളെയും ഇതുവഴി പോകാൻ അനുവദിച്ചില്ല. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. മോർച്ചറിക്ക് സമീപമുള്ള ക്ലാസുകളും ഇന്നലെ പ്രവർത്തിച്ചില്ല. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി മൂന്നൂറോളം പൊലീസുകാരെ മെഡിക്കൽ കോളേജിൽ വിന്യസിച്ചിരുന്നു. എട്ട് എ.സി.പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയത്. തൃശൂർ, ഗുരുവായൂർ, ക്രൈം ബ്രാഞ്ച്, സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിലെയും പാലക്കാട്ടെയും എ.സി.പിമാരാണ് സുരക്ഷാ മേൽനോട്ടത്തിനായി മെഡിക്കൽ കോളേജിലുണ്ടായിരുന്നത്.

മെഡിക്കൽ കോളേജ് കാമ്പസിലെ എട്ട് ഹോസ്റ്റലുകൾക്കും കാവൽ ഏർപ്പെടുത്തി. ആശുപത്രിയിലും പ്രത്യേക സുരക്ഷ സജ്ജമാക്കിയിരുന്നു. മെഡിക്കൽ കോളേജിലെ സബ് ട്രഷറി, ഫോറൻസിക് വിഭാഗം എന്നിവിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചു. തണ്ടർ ബോൾട്ട്, സായുധ സേനയിൽ നിന്നുള്ളവരും തോക്കേന്തി കാമ്പസിൽ നിലയുറപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായാണ് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മൃതദേഹങ്ങളെത്തിച്ചത്.

രാവിലെ 9.30ന് ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ അവസാനിച്ചത് രാത്രിയോടെയാണ്. മാവോയിസ്റ്റുകൾക്ക് പുറമെ മറ്റ് രണ്ടു മൃതദേഹം കൂടി മോർച്ചറിയിലുണ്ടായിരുന്നു. മാവോയിസ്റ്റുകളുടെ മൃതദേഹം വിശദമായ രീതിയിൽ പോസ്റ്റുമോർട്ടം ചെയ്യേണ്ടതിനാൽ മറ്റുള്ളവ മാറ്റി വച്ചു. മരിച്ചവരിൽ രണ്ടുപേരുടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പരിസരത്ത് രാവിലെ എത്തിയെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെയാണ് മാദ്ധ്യമങ്ങളുമായി സംസാരിക്കാൻ ഇവർക്ക് അനുവാദം ലഭിച്ചത്.

കോഴിക്കോട് ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റ് ജലീലിന്റെ സഹോദരൻ സി.പി റഷീദ്, മനുഷ്യാവകാശ പ്രവർത്തകരായ എം.എൻ. രാവുണ്ണി, ഗ്രോ വാസു, മാവോയിസ്റ്റ് രൂപേഷിന്റെ ഭാര്യ ഷൈന എന്നിവർക്ക് പുറമേ തമിഴ്‌നാട്ടിൽ നിന്നും അഭിഭാഷകൻ രാജയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘവും മെഡിക്കൽ കോളേജിലെത്തിയിരുന്നു. കൊല്ലപ്പെട്ട കബനീ ദളം നേതാവ് മണിവാസകത്തിന്റെ ഭാര്യ കല, സഹോദരി ചന്ദ്ര എന്നിവർ യു.പി.എ നിയമപ്രകാരം ട്രിച്ചി ജയിലിലാണ്.

............

ഇൻക്വസ്റ്റ് നടത്താത്ത സാഹചര്യത്തിൽ റീ പോസ്റ്റുമോർട്ടം നടത്തണം. ഈ ആവശ്യവുമായി കോടതിയെ സമീപിക്കും. പൂർണമായും പൊലീസ് നിയന്ത്രണത്തിലാണ്‌ പോസ്റ്റുമോർട്ടം നടന്നത്.

ഷൈന

മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ