തൃശൂർ: പാലക്കാട് മഞ്ചങ്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് അകലെ നിന്ന് വെടിയേറ്റാണെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
മണിവാസകത്തിന്റെ ശരീരത്തിൽ അഞ്ച് വെടിയേറ്റതിന്റെ മുറിവുണ്ട്. പോസ്റ്റുമോർട്ടത്തിൽ നാലു വെടിയുണ്ടകളും കണ്ടെടുത്തു.ഒരു വെടിയുണ്ട തലയിലും മൂന്നെണ്ണം ശരീരഭാഗങ്ങളിലുമാണ് ഉണ്ടായിരുന്നത്. രമയുടെ തലയിലും വെടിയേറ്റു. ഇവരുടെ ശരീരത്തിൽ നിന്ന് അഞ്ചു വെടിയുണ്ടകൾ കണ്ടെടുത്തു. കാർത്തികിന്റെ നെഞ്ചും കൈപ്പത്തിയും വെടിയുണ്ടയേറ്റ് തുളഞ്ഞു. അരവിന്ദിന്റെ ശരീരത്തിൽ നിന്ന് ഒരു വെടിയുണ്ട കണ്ടെടുത്തു. എല്ലാവരുടെയും ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. .
കാർത്തികിന്റെ ശരീരത്തിൽ വെടിയുണ്ടയുണ്ടെന്ന് എക്‌സ്‌റേയിൽ കണ്ടെത്തിയെങ്കിലും പോസ്റ്റുമോർട്ടം ചെയ്തപ്പോൾ കണ്ടെത്താനായില്ല.
പൊലീസ് സർജൻ ഡോ: ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിൽ ഒമ്പത് പേരടങ്ങുന്ന ഫോറൻസിക് വിദഗ്ദ്ധരുടെ സംഘം ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് പോസ്റ്റുമോർട്ടം ആരംഭിച്ചത്. ആദ്യം കാർത്തികിന്റെയും പിന്നീട് രമയുടെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. മണിവാസകത്തിന്റെയും അരവിന്ദിന്റെയും പോസ്റ്റുമോർട്ടം രാത്രി എട്ടോടെയാണ് അവസാനിച്ചത്. അതീവ സുരക്ഷയിലായിരുന്നു മെഡിക്കൽ കോളേജും പരിസരവും. രേഖകൾ ഹാജരാക്കിയാൽ മൃതദേഹം കാണിക്കാമെന്ന് പൊലീസ് ബന്ധുക്കൾക്ക് രാത്രിയോടെ ഉറപ്പ് നൽകി. അതിനിടെ മണിവാസകത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനുള്ള അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഭാര്യ മദ്രാസ് കോടതിയെ സമീപിച്ചു.
വീണ്ടും പോസ്റ്റുമോർട്ടം
വേണമെന്ന് ബന്ധുക്കൾ
കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മണിവാസകം, കാർത്തിക് എന്നിവരുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. പാലക്കാട് ജില്ലാകളക്ടറെ സമീപിച്ചു. ഇൻക്വസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തി, മൃതദേഹം തിരിച്ചറിയുന്നതിന് സൗകര്യമൊരുക്കിയില്ല, മനുഷ്യാവകാശ ലംഘനം നടത്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തിയ പരാതി കാർത്തിക്കിന്റെ സഹോദരൻ മുരുകേശൻ, മണിവാസകത്തിന്റെ സഹോദരി ലക്ഷ്മി എന്നിവർ കളക്ടർക്ക് കൈമാറി. വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ഇരുവരുടെയും ബന്ധുക്കൾ വ്യക്തമാക്കി.