food

തൃശൂർ : കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെയും മോശം കാലാവസ്ഥയെയും തുടർന്ന് അട്ടപ്പാടിയിലെ വനമേഖലയിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ നിറുത്തിയതായി സൂചന. എൽ.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയായ സി.പി.ഐ ഉൾപ്പെടെയുള്ള സംഘടനകൾ മാവോയിസ്റ്റുകൾ മരിച്ചത് വ്യാജ ഏറ്റുമുട്ടലിലാണെന്ന കടുത്ത വിമർശനം ഉയർത്തിയതോടെ തെരച്ചിൽ നിറുത്തി കാട്ടിൽ നിന്ന് തിരിച്ചിറങ്ങാൻ പൊലീസ് നിർബന്ധിതരായെന്നാണ് വിവരം.

ജി.പി.ആർ.എസ് സംവിധാനം ഉപയോഗിച്ചായിരുന്നു തണ്ടർബോൾട്ടിന്റെ തെരച്ചിൽ. ഒരു എ.കെ 47 തോക്ക് , അരിവാൾ ചുറ്റിക ചിഹ്നം കൊത്തിയ ആറ് നാടൻ തോക്കുകൾ, റേഡിയോ, ലാപ് ടോപ്, ടാബ്‌ലറ്റ്, ടോർച്ചുകൾ, പെൻഡ്രൈവുകൾ, മാവോയിസ്റ്റ് പതാക എന്നിവ പിടിച്ചെടുത്തു. പാചകത്തിനുള്ള പാത്രങ്ങളും ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണവും കണ്ടെത്തി.

അട്ടപ്പാടിയിലെ വനമേഖലയായ മഞ്ചിക്കണ്ടിയിൽ നാല് മാവോയിസ്റ്റുകളെയാണ് തണ്ടർബോൾട്ട് വധിച്ചത്. ഇവർ കീഴടങ്ങാൻ നിൽക്കെയാണ് വധിച്ചതെന്ന ആക്ഷേപവും ശക്തമായി. ആദ്യ ദിവസം മരിച്ച മൂന്നു പേരുടെ മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നതെന്നാണ് പൊലീസ് പറയുന്നത്. രണ്ടര മണിക്കൂർ ഏറ്റുമുട്ടൽ നീണ്ടു. ഇതിലാണ് മാവോയിസ്റ്റ് നേതാവ് മണിവാസകം കൊല്ലപ്പെട്ടതത്രേ. മണിവാസകം ഏറെക്കാലമായി രോഗാവസ്ഥയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ടവരിൽ തോക്ക് പരിശീലകനെന്ന് കരുതുന്ന ചന്ദുവെന്ന ദീപകിനായിട്ടാണ് പ്രധാനമായും തെരച്ചിൽ നടത്തിയത്.