വടക്കാഞ്ചേരി: 2016ലെ കേരള നഗര ഗ്രാമാസൂത്രണ ആക്ട് പ്രകാരം നഗരാസൂത്രണ വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ സംബന്ധിച്ച സെമിനാർ നവംബർ രണ്ടിന് വടക്കാഞ്ചേരി അനുഗ്രഹ ഹാളിൽ നടക്കും നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ശാസ്ത്രീയ സ്ഥലവര ആസൂത്രണത്തിൽ കേന്ദ്രീകരിച്ചു കൊണ്ട് 20 വർഷ കാലയളവിലേക്കുള്ള മാസ്റ്റർ പ്ലാൻ ആണ് സമർപ്പിക്കുക.
പുതുതായി രൂപീകരിച്ച 28 നഗരസഭകളിൽ മാസ്റ്റർപ്ലാൻ പൂർത്തിയാക്കുന്ന ആദ്യ നഗരസഭയാണ് വടക്കാഞ്ചേരി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ, രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, കില ഡയറക്ടർ ജോയി ഇളമൻ, കെ.ആർ. രാജീവ്, ജില്ലാ ടൗൺ പ്ലാനർ തൃശൂർ എന്നിവർ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ വടക്കാഞ്ചേരി ബൈപ്പാസ് ഫൈനൽ അലൈൻമെന്റ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു.
ബൈപ്പാസ് കടന്നുപോകുന്ന വാർഡുകളിലെ കൗൺസിലർമാരുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനമായി. വടക്കാഞ്ചേരി പാർളിക്കാട് സമാന്തര റോഡ് സംബന്ധിച്ച് വടക്കാഞ്ചേരി പള്ളി വികാരിയുടെ കത്ത് കൗൺസിൽ ചർച്ച ചെയ്തു, ഇത് സംബന്ധിച്ചു പള്ളിവികാരിയുമായും ട്രസ്റ്റിമാരുമായും ചർച്ച ചെയ്യുന്നതിന് കൗൺസിൽ തീരുമാനിച്ചു.
വടക്കാഞ്ചേരി നഗരസഭയുടെ വസ്തുനികുതി അടയ്ക്കാൻ നവംബർ ഒന്നു മുതൽ ഈ പെയ്‌മെന്റ് ഓൺലൈൻ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലും മുണ്ടത്തിക്കോട് സോണൽ ഓഫീസിലും പി.ഒ.എസ് മെഷീൻ സ്ഥാപിക്കുന്നതിനും വടക്കാഞ്ചേരി നഗരസഭാ പരിധിയിൽ ഓൺലൈൻ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.
നഗരസഭാ പ്രദേശത്ത് താമസിക്കുന്ന പൗരൻമാർക്ക് സമയബന്ധിതമായി നഗരസഭ നൽകുന്ന സേവനങ്ങൾ വ്യവസ്ഥകളും സംബന്ധിച്ച് വടക്കാഞ്ചേരി നഗരസഭ തയ്യാറാക്കിയ കരട് പൗരാവകാശരേഖ കൗൺസിൽ അംഗീകരിച്ചു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് കൗൺസിൽ അംഗീകരിച്ചു. നഗരസഭ ചെയർപേഴ് സൺ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു.
കേരളോത്സവത്തിന്റെ സംഘാടക സമിതി യോഗം 31ന് കൗൺസിൽ ഹാളിൽ നടത്തുന്നതിന് തീരുമാനിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ വൈസ് ചെയർമാൻ എം ആർ അനൂപ് കിഷോർ. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. പ്രമോദ് കുമാർ, എം.ആർ. സോമ നാരായണൻ, ലൈല നസീർ, ജയപ്രീതാ മോഹനൻ എന്നിവർ അവതരിപ്പിച്ചു.