തൃശൂർ: തൃശൂർ കോർപറേഷനിൽ പ്ലാസ്റ്റിക് നിരോധന പരിപാടികൾക്ക് ഇന്ന് തുടക്കമാകും. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്ന് മുതൽ കർശന പരിശോധന ആരംഭിക്കും. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റുമാണ് നിരോധിക്കുന്നത്.

തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതരും കോർപറേഷൻ അധികൃതരും കോർപറേഷൻ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള സ്ഥലങ്ങളിലെത്തി പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ചും ഇന്ന് മുതൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിച്ചാൽ സ്വീകരിക്കുന്ന ശിക്ഷാ നടപടികളെക്കുറിച്ചും ആളുകളെ ബോധവത്കരിച്ചിരുന്നു.
നിരോധനം ലംഘിക്കുന്നവർക്ക് എതിരെ പിഴശിക്ഷയടക്കമുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ ആവർത്തിച്ചു. പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാനും വിജയിപ്പിക്കാനും എല്ലാവരുടെയും സഹകരണം മേയർ അഭ്യർത്ഥിച്ചു.

വ്യാപാരികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കോളേജുകൾ, വിവിധ സംഘടനകൾ എന്നിവരുടെയെല്ലാം സഹകരണം കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കോർപറേഷനിലെ എല്ലാ ഡിവിഷനുകളിലും പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാനും ബോധവത്കരണം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.