കൊടുങ്ങല്ലൂർ: അടിസ്ഥാന ജനവിഭാഗങ്ങളെ ചൂഷിത സമൂഹമായി നിലനിറുത്താൻ ആവിഷ്കരിക്കപ്പെട്ട അനാചരങ്ങൾക്ക് എതിരെയുണ്ടായ കനത്ത പ്രഹരങ്ങളിലൊന്നാണ് താണിശ്ശേരി വിപ്ലവമെന്ന് ഗുരുസന്ദേശ പ്രഭാഷകനായ രാജീവ് നെടുകപ്പിള്ളി പറഞ്ഞു. താണിശ്ശേരി വിപ്ലവത്തിന്റെ ശതാബ്ദി ദിനമായ നവം.13ന് ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് രൂപം നൽകാനായി സംഘടിപ്പിച്ച സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവവചനം പ്രാവർത്തികമാക്കാൻ ബോധാനന്ദ സ്വാമികളുടെ നേതൃത്വത്തിൽ നടത്തിയ താണിശ്ശേരി വിപ്ലവം നവോത്ഥാന ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടതാണ്. ബോധാനന്ദ സ്വാമികൾ രൂപം നൽകിയ ധർമ്മഭട സംഘമാണ് അക്കാലത്ത് അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന അടിമത്വ മനോഭാവം തകർക്കാൻ കരുത്തായത്. ഈഴവരാദി പിന്നാക്ക വിഭാഗങ്ങൾക്ക് പത്തുംപുലയും ആചരിക്കാനുള്ള സ്വാതന്ത്യം താണിശ്ശേരി കലാപത്തിലൂടെയാണ് സ്വായത്തമായത് എന്നതിനാൽ ഈ പോരാട്ടത്തിന്റെ സ്മരണ പുതുക്കൽ ചരിത്രത്തോടുള്ള നീതിപാലനം കൂടിയാണെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ പ്രൊഫ.സി.ജി. ധർമ്മന്റെ അദ്ധ്യക്ഷതയിൽ പി.വി. സജീവ് കുമാർ, ടി.കെ. ഹരിദാസ്, പി.ജി. സുഗുണപ്രസാദ്, അഡ്വ.ഒ.എസ്. സുജിത്, സി.ബി ദിനേഷ് ലാൽ, മുരുകൻ കെ. പൊന്നത്ത് തുടങ്ങിയവർ സംസാരിച്ചു. എൻ.ബി. അജിതൻ സ്വാഗതവും സി.എസ്. തിലകൻ നന്ദിയും പറഞ്ഞു. ശതാബ്ദി പരിപാടികളുടെ വിജയത്തിനായി 25 അംഗ സ്വാഗതസംഘത്തിന് യോഗം രൂപം നൽകി.