കൊടുങ്ങല്ലൂർ: എടവിലങ്ങിൽ സംഘടിപ്പിച്ച തഴപ്പായ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമനിധി കാർഡ് വിതരണം, എടവിലങ്ങ് പഞ്ചായത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയമാറ്റത്തിനുള്ള സാധ്യത വിളിച്ചോതുന്നതായി. പഞ്ചായത്ത് ഭരണ സമിതിയിൽ കൂറ് മാറ്റം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.ഐ, സി.പി.എം കക്ഷികളിൽ നിന്നും പുറത്താക്കപ്പെട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.എം. ഷാഫിയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. രമേഷ് ബാബുവും കോൺഗ്രസ് കൂടാരത്തിലെത്തിയെന്നതിന്റെ സൂചനയായി ഈ പരിപാടി. ഗ്രൂപ്പ് പോരിൽ പരസ്പരം അംഗീകരിക്കാൻ തയ്യാറാകാതെ വത്യസ്ത ഗ്രൂപ്പുകളായി മാറി നിന്നിരുന്ന കോൺഗ്രസ് നേതാക്കൾ ഒരുമിച്ചൊരു വേദി പങ്കിട്ടുവെന്നതും ശ്രദ്ധേയമായി. കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയനായ സംസ്കാര സാഹിതി മണ്ഡലം കൺവീനർ കെ.എച്ച്. ഷെമീർ ചടങ്ങിലെ പ്രധാനികളിലൊരാളാവുകയും ചെയ്തു. ടി.എം. ഷാഫിയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എം.ജി. അനിൽകുമാർ ഉദ്ഘാടനവും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റഷീദ് പോനാക്കുഴി ക്ഷേമനിധി കാർഡ് വിതരണവും നിർവഹിച്ചു. സംസ്കാര സാഹിതി മണ്ഡലം കൺവീനർ കെ.എച്ച്. ഷമീർ, കെ.കെ. രമേഷ് ബാബു, ഇ.കെ. സജീവൻ, ലീന അജയഘോഷ്, രമ ബാബു രാജ്, സംഗീത ബിജു തുടങ്ങിയവർ സംസാരിച്ചു