ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ വെള്ളത്തിലായി. ഒട്ടേറെ കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് താമസം മാറി. മൂസ്സാ റോഡിലും, അഞ്ചങ്ങാടി വളവിലും, വെളിച്ചെണ്ണ പടിയിലും കടൽവെള്ളം റോഡ് കവിഞ്ഞൊഴുകി. ഇന്നലെ രാവിലെ നേരിയതോതിൽ ആരംഭിച്ച കടൽക്ഷോഭം ഉച്ചയോടെ ശക്തി പ്രാപിച്ചു. ആഞ്ഞുവീശുന്ന കാറ്റ് കടലേറ്റത്തിന് ശക്തിയേകി. കടപ്പുറം പഞ്ചായത്തിലെ മുനയ്ക്കക്കടവ് അഴിമുഖം, ആശുപത്രി പടി, നോളി റോഡ്, തൊട്ടാപ്പ് മേഖലകളിലാണ് കടൽക്ഷോഭം രൂക്ഷമായത്. തിരമാലകൾ ഒന്നിനുപുറകെ ഒന്നായി ആഞ്ഞടിച്ചതോടെ കരിങ്കൽ ഭിത്തി തകർന്ന ഭാഗങ്ങളിലൂടെ കടൽ വെള്ളം ഇരച്ചു കയറി. ജിയോ ബാഗ് സ്ഥാപിച്ച മേഖലകളിലും കടൽക്ഷോഭം ശക്തമാണ്. വെള്ളം കയറിയതോടെ ഒട്ടേറെ ഗൃഹോപകരണങ്ങൾ നശിച്ചു. പലയിടത്തും ഗതാഗതവും തടസപ്പെട്ടു.