ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം രൂക്ഷമായി ഒട്ടേറെ വീടുകൾ വെള്ളത്തിലായതിനെ തുടർന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീറിന്റെ നേതൃത്വത്തിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു. അഴിമുഖം മുതൽ ആനന്ദവാടി വരെയുള്ള പ്രദേശങ്ങളിൽ രാവിലെ പത്തോടെ രൂക്ഷമായ കടലാക്രമണമുണ്ടായതിനെ തുടർന്ന് ഒട്ടേറെ വീടുകൾ വെള്ളത്തിലാവുകയും പഞ്ചായത്തിലെ പ്രധാന റോഡായ അഹമ്മദ് കുരിക്കൾ റോഡ് പലയിടത്തും വെള്ളത്തിനടിയിലാകുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
കടൽക്ഷോഭം മൂലം ഒട്ടേറെ വീടുകൾ നശിക്കുകയും ഏക്കറ് കണക്കിന് കരഭൂമി കടലെടുക്കുകയും, നൂറ് കണക്കിന് തെങ്ങുകൾ കടപുഴകി വീഴുകയും കുടിവെള്ളം മലിനമാകുകയും ചെയ്തിട്ടുണ്ട്. ഓരോ വർഷം കഴിയും തോറും കടൽ കര കവർന്നെടുക്കുകയാണ്. ഇത്ര ഗുരുതരമായ പ്രശ്‌നം ഉണ്ടായിട്ടും അധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഇവിടെ കടൽഭിത്തി കെട്ടിയെങ്കിലും കൃത്യമായ മെയിന്റനൻസ് ഇല്ലാത്തത് മൂലം മിക്കയിടത്തും തകർന്ന് കിടക്കുകയാണ്. പ്രതിഷേധങ്ങൾ ഉയരുമ്പോൾ മണൽ ചാക്കും കടൽഭിത്തിക്കായി അളവെടുപ്പും ഒക്കെയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാണ് നടക്കുന്നത്.
അതേസമയം കേരളത്തിന്റെ പല തീരപ്രദേശങ്ങളിലും കടൽഭിത്തി പുനർനിർമ്മിക്കാൻ കോടിക്കണക്കിന് രൂപ സർക്കാർ വകയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികാരികളുടെ കണ്ണ് തുറപ്പിക്കാനായാണ് റോഡ് ഉപരോധസമരം നടത്തേണ്ടി വന്നതെന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബഷീർ പറഞ്ഞു. കടപ്പുറത്തെ പ്രത്യേക സാഹചര്യവും ദുരിതങ്ങളും മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും എം.പിയെയും നേരിൽ കണ്ട് ബോദ്ധ്യപ്പെടുത്തുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം മനാഫ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ റസിയ അമ്പലത്ത്, മെമ്പർമാരായ കാഞ്ചന മൂക്കൻ, ഷാലിമ സുബൈർ, പി.എം മുജീബ്, പി.എ അഷ്‌ക്കറലി, പി.വി ഉമ്മർ കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി. ചാവക്കാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് ഉപരോധസമരം അവസാനിപ്പിച്ചു..