മാള: വെണ്ണൂർ സർവീസ് സഹകരണ ബാങ്ക് ഗാന്ധി സ്മരണയിൽ മഹാത്മാ മിനി മ്യൂസിയം തുറന്നു. മഹാത്മാ ഗാന്ധിയുടെ സമര പോരാട്ടങ്ങളുടെ മുഹൂർത്തങ്ങൾ ചിത്രങ്ങളാക്കിയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. സബർമതി ആശ്രമത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രങ്ങളുടെ പുനരാവിഷ്കാരമാണ് മിനി മ്യൂസിയത്തിലുള്ളത്. ചരിത്ര സ്നേഹികൾക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഗാന്ധിയുടെ ജീവിതത്തെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. പത്തനാപുരം സ്വദേശി മനുവാണ് ചിത്രങ്ങൾ തയ്യാറാക്കിയത്.
ഇതോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി പെയിന്റിങ് മത്സരങ്ങൾ നടന്നു. മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ മ്യൂസിയം ഉദ്‌ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയായ മുളയംകുടത്ത് പാപ്പു, ഗാന്ധിയൻ പ്രൊഫ.ആർ.എസ്. പൊതുവാൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.പോളി ആന്റണി അദ്ധ്യക്ഷത വഹിച്ചു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, അന്നമനട സർവീസ് സഹകരണ ബാങ്ക് പി.ഐ. ജോർജ്ജ്, വൈസ് പ്രസിഡന്റ് എം.ബി. പ്രസാദ്, സെക്രട്ടറി ഇ.ഡി. സാബു, കെ.എൻ. സജീവൻ, പി.ഒ. പൗലോസ്, എം.യു. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.