ചാവക്കാട്: ചേറ്റുവ ഹാർബറിൽ നിന്ന് തിങ്കളാഴ്ച രാവിലെ ആഴക്കടലിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങളിൽ ഒന്ന് തകർന്നു. ഇതിലുണ്ടായിരുന്ന അഞ്ചു പേരിൽ നാല് പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്. മലപ്പുറം പൊന്നാനി തീരത്തു നിന്നും 24 നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിലാണ് 'സാമുവേൽ' എന്ന വള്ളം തകർന്നത്. അതേസമയം കാണാതായ തമ്പുരാൻ എന്ന വള്ളവുമായി പൊലീസിന് ഒരു തവണ ബന്ധപ്പെടാനായി.
കടൽ ശക്തമാണെന്നും കരയിലേക്ക് എത്താനുള്ള ശ്രമം നടത്തുകയാണെന്നും വള്ളത്തിലെ തൊഴിലാളികൾ അറിയിച്ചതായി മുനയ്ക്കകടവ് തീരദേശ പൊലീസ് അറിയിച്ചു. എന്നാൽ ഇവരുമായി വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. കടൽ ശക്തമായിരിക്കെ ഇവരെ കരയ്ക്കെത്തിക്കാൻ കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. തകർന്ന വള്ളത്തിലെ രക്ഷപ്പെടുത്തിയ അഞ്ച് പേരെയും വൈകാതെ കൊച്ചിയിലെത്തിക്കും. ആഴക്കടലിൽ നിന്ന് കരയിലേക്ക് തിരിച്ച വള്ളത്തിൽ ഏഴു പേരാണുള്ളത്. ഒഴുക്കു വലക്കാർ എന്ന പേരിൽ അറിയപ്പെടുന്ന ഇവർ മത്സ്യബന്ധനത്തിനായി ആഴക്കടലിൽ പോയാൽ മൂന്നും നാലും ദിവസം കഴിഞ്ഞ് തിരിച്ചു വരികയാണ് പതിവ്. എന്നാൽ, കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചതോടെയാണ് തീരദേശ പൊലീസ് തൊഴിലാളികളുമായി ബന്ധപ്പെടാൻ ശ്രമിച്ചത്. വയർലെസ് സെറ്റിലും മൊബൈൽ ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല.