കൊടുങ്ങല്ലൂർ: 842 പോയിന്റുകൾ നേടി മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കൊടുങ്ങല്ലൂർ ഉപജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരായി. ഭീതി പരത്തിയ മഴയേയും കാറ്റിനേയും വഴിമാറ്റി അവധി പോലും പ്രവൃത്തി ദിനമാക്കിയാണ് നാലുനാൾ നീണ്ട കലോത്സവത്തിന് കൊടിയിറങ്ങിയത്. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി 528 പോയിന്റോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിലൊഴികെയുള്ള മിക്കവാറും എല്ലാ വിഭാഗത്തിലും മതിലകത്തിന്റെ ആധിപത്യമായിരുന്നു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ ആതിഥേയരായ എം.ഇ.എസ് ഹയർ സെക്കൻഡറി 220 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 199 പോയിന്റോടെ മതിലകം രണ്ടാം സ്ഥാനവും 167 പോയിന്റോടെ പനങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമെത്തി.

സമാപന സമ്മേളനോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലിയുടെ അദ്ധ്യക്ഷതയിൽ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. എ.ഇ.ഒ എം.വി ദിനകരൻ, ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. മല്ലിക, പ്രസാദിനി മോഹനൻ, എ.പി. ആദർശ്, എം.എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ എം.ആർ. കലാകുമാർ നന്ദി രേഖപ്പെടുത്തി.

പങ്കെടുത്ത എല്ലാ വിഭാഗത്തിലും എ ഗ്രേഡും ഒന്നും രണ്ടും സ്ഥാനങ്ങളും നേടിയ കൊടുങ്ങല്ലൂർ ഗവ:ഗേൾസ് എൽ.പി. സ്കൂളിലെ നാലാം ക്ലാസ്‌ വിദ്യാർത്ഥിനി മീനാക്ഷികൃഷ്ണൻ കലോത്സവത്തിലെ താരമായി. പ്രശസ്ത സംഗീതജ്ഞൻ സോപാനം ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ മകളാണ് മീനാക്ഷി.