ചാലക്കുടി: കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മലയോര മേഖലയിൽ അതീവ ജാഗ്രതാ നടപടികൾ സ്വീകരിച്ചു. വാഴച്ചാൽ മുതൽ വിനോദ സഞ്ചാരികളെ കടത്തിവിടുന്നില്ല. അതിരപ്പിള്ളി വെള്ളച്ചാട്ട പരിസരത്ത് ആളുകൾ എത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. തുമ്പൂർമുഴി ഗാർഡനും വ്യാഴാഴ്ച അടച്ചിട്ടു. ശനിയാഴ്ച വരെ ഇതു തുടരുമെന്നാണ് അധികൃതർ പറയുന്നത്. ഇവിടെ നിന്നുള്ള ജംഗിൾ സഫാരികകളും റദ്ദാക്കി. മലയോര മേഖലയിൽ മണ്ണിടിച്ചിലുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മുൻകരുതലുകൾ.


മഴയെപേടിച്ച് ചാലക്കുടി

തുടർച്ചയായി മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ചാലക്കുടി അങ്കലാപ്പിൽ. പശ്ചിമഘട്ടത്തിൽ കനത്ത മഴപെയ്യുമെന്ന പ്രവചനമാണ് നാട്ടുകാരം ഭീതിയിലാക്കുന്നത്. പുഴയിൽ കൂടുതൽ വെള്ളം എത്തുമെന്ന ആശങ്കയും പരന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്‌തെങ്കിലും വ്യാഴാഴ്ച കാര്യമായി പുഴയിൽ വെള്ളം ഉയർന്നിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച പൊരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയീസ് വാൽവ് തുറക്കാനിടയുണ്ടെന്ന സൂചന വന്നിട്ടുണ്ട്. പറമ്പിക്കുളം ഡാമിൽ നിന്നും വെള്ളം വിടാനിടയുണ്ടെന്ന അറിയപ്പാണ് പൊരിങ്ങൽക്കുത്ത് ഡാം അധികൃതരെ കൂടുതൽ ജാഗ്രതയിലാക്കിയത്. നാട്ടുകാരിൽ ഇതെല്ലാം ഭീതി ജനിപ്പിച്ചിട്ടുണ്ട്.

സ്‌കൂൾ മേളകൾക്കും വെല്ലുവിളി

ചുഴലിക്കാറ്റിന്റെ പ്രതിഫലനമായി തുടരുന്ന കനത്ത മഴ മൂന്ന് ഉപജില്ലാ കായിക മേളകളെ ബാധിച്ചു. ചാലക്കുടി ഉപജില്ലാ കായിക മേള കാർമൽ സ്റ്റേഡിയത്തിൽ പൂർത്തിയാക്കാതെയാണ് പിരിഞ്ഞത്. ബുധനാഴ്ച ഉച്ചതിരിഞ്ഞുള്ള 11 ഇനങ്ങളാണ് മാറ്റിവച്ചത്. ആരംഭ ദിവസം തന്നെ ചേർപ്പ് ഉപജില്ലയുടെ മേള കനത്ത മഴ മൂലം മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത ദിവസങ്ങളിലും മഴയുണ്ടാകുമെന്ന ആശങ്കയുള്ള സ്ഥിതിക്ക് കായിക മേള ഇനി എന്ന് നടത്താനാകുമെന്ന് അധികൃർക്ക് നിശ്ചയമില്ല. തിങ്കളാഴ്ച മുതൽ മാള ഉപജില്ലാ മത്സരങ്ങളും കാർമൽ സ്റ്റേഡിയത്തിൽ തുടങ്ങേണ്ടതുണ്ട്. നവംബർ 11 മുതൽ ഇതേ സ്റ്റേഡിയത്തിൽ റവന്യു ജില്ലയുടെ പ്രധാന മത്സരങ്ങളും നടക്കാനിരിക്കുകയാണ്. ചുഴലിക്കാറ്റും തുടർച്ചയായ മഴയുമാണ് പ്രതികൂലമായി ബാധിക്കുന്നത്.