തൃശൂർ: പരാതി നൽകിയിട്ടും കാര്യങ്ങൾ നടക്കുന്നില്ലെന്ന പരാതിയുമായി കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണകക്ഷി അംഗം പ്രതിഷേധം പ്രകടിപ്പിച്ച് നടുത്തളത്തിലിറങ്ങി. സി.പി.എം. കൗൺസിലർ പ്രേമകുമാരനാണ് നടുത്തളത്തലിറങ്ങി കുത്തിയിരുന്നത്. കാന വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഒരു മാസം മുമ്പ് മേയർക്കും എൻജിനിയർമാർക്കും പരാതി നൽകിയിട്ടും കാര്യമുണ്ടായില്ലെന്ന് ആക്ഷേപിച്ചു. വിഷയം ചർച്ച ചെയ്യാൻ മേയർ വിസമ്മതിച്ചതോടെയാണ് നടുത്തളത്തിലിറങ്ങിയത്.
ഭരണകക്ഷി അംഗം തന്നെ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയതോടെ പ്രതിപക്ഷം പരിഹസിച്ചു. കുത്തിയിരിപ്പിന് ശേഷം പ്രതിഷേധം അറിയിച്ച ശേഷം പ്രേമകുമാരൻ ഇറങ്ങിപ്പോയി.
ഇതിനിടെ സ്വിവറേജ് പദ്ധതിക്കെതിരെ അഴിമതിയാരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കോടികൾ മുടക്കി വാങ്ങിയ സ്ഥലം തണ്ണീർത്തടമാണെന്നും പ്ലാന്റ് നിർമിക്കാൻ നിയമതടസമുണ്ടെന്നും പ്രതിപക്ഷം വാദിച്ചു. കൂടുതൽ തുക മുടക്കി സ്ഥലം വാങ്ങിയതിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സ്വരാജ് റൗണ്ടിൽ സ്ഥലം കിട്ടാത്തതിനാലാണ് തണ്ണീർത്തടമായാലും വാങ്ങിയതെന്ന് എം.എൽ. റോസി തിരിച്ചടിച്ചു. അനുയോജ്യമായ സ്ഥലമുണ്ടെങ്കിൽ കാണിച്ചു തരാൻ ഭരണപക്ഷം വെല്ലുവിളിച്ചു.
വഞ്ചിക്കുളത്തിനു സമീപം എട്ടു കോടി രൂപ മുടക്കി 12 ഏക്കർ സ്ഥലമാണ് വാങ്ങിയത്. തണ്ണീർത്തടത്തിൽ നിർമാണം അനുവദിക്കില്ലെന്ന് അറിയാഞ്ഞിട്ടല്ലെന്ന് മുൻ മേയർ രാജൻ പല്ലൻ ആരോപിച്ചു. തൃശൂരിൽ നിന്ന് മൂന്നു മന്ത്രിമാരുണ്ടായിട്ടും സ്ഥലം വാങ്ങാൻ സർക്കാരിൽ നിന്നും അനുമതി കിട്ടിയില്ല. ശുചിത്വ മിഷന്റെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും അനുമതിയുമില്ല.
വെള്ളം ഒഴുകിപോകുന്നതിന് തടസമായി എന്തു നിർമാണമാണെങ്കിലും അനുവദിക്കില്ലെന്ന് വ്യവസ്ഥയുണ്ടെന്നു പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേൽ പറഞ്ഞു. ഓംബുഡ്‌സ്മാനിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു.
നങ്ങളെ വഞ്ചിക്കുന്ന നടപടികളാണ് ഭരണകക്ഷി സ്വീകരിക്കുന്നതെന്ന് ബി.ജെ.പിയിലെ എം.എസ്. സമ്പൂർണ, വി. രാവുണ്ണി, കെ. മഹേഷ് എന്നിവർ കുറ്റപ്പെടുത്തി.