ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാത ഒരുവർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് റെയൽവേയുടെ ഉറപ്പ്. ഇതുസംബന്ധിച്ച് ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.കെ. സിൻഹ, ടി.എൻ. പ്രതാപൻ എം.പിക്ക് കത്ത് നൽകി. പ്രാരംഭപ്രവൃത്തികൾക്കുള്ള തുക ലഭിച്ചതായും സിൻഹ അറിയിച്ചു. അതുപയോഗിച്ച് അടിപ്പാതയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കും. ബാക്കി തുക ലഭിച്ചാൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണം വേഗത്തിലാക്കും.
ഗുരുവായൂരിൽ നിന്ന് തിരുവെങ്കിടത്തേക്ക് എത്താനുള്ള എളുപ്പവഴിക്കുവേണ്ടി മുന്നോട്ടു വച്ച പദ്ധതിയാണ് തിരുവെങ്കിടം അടിപ്പാത. നേരത്തെ റെയിൽവേ സ്റ്റേഷന്റെ വടക്കു ഭാഗത്തുകൂടിയായിരുന്നു തിരുവെങ്കിടത്തേക്കുള്ള വഴി. റെയിൽവേ വികസനത്തെത്തുടർന്ന് ആ വഴി അടച്ചു. ഇതോടെ തിരുവെങ്കിടത്തേക്ക് എത്താൻ റെയിൽവേ ഗേറ്റും കടന്ന് തൃശൂർ റോഡിലൂടെ വളഞ്ഞുവരേണ്ട സ്ഥിതിയായി. തിരുവെങ്കിടം ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് അടിപ്പാതയ്ക്കുവേണ്ടി നിരവധി സമരങ്ങൾ നടന്നിരുന്നു.