പാവറട്ടി : മുല്ലശ്ശേരി പറമ്പൻതളി ഷഷ്ഠി മഹോത്സവത്തോട് അനുബന്ധിച്ച് വെള്ളി, ശനി ദിവസങ്ങളിൽ പരിസര പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ഷഷ്ഠിയോട് അനുബന്ധിച്ച് ആഘോഷങ്ങളിൽ പങ്കാളികളായ പ്രാദേശിക ആഘോഷ കമ്മിറ്റികൾ ദേശങ്ങളിൽ ഗ്രാമ പ്രദക്ഷിണവും കാവടി ആട്ടവും നടത്തുന്നതിനാൽ വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
കാഞ്ഞാണിയിൽ നിന്ന് പാവറട്ടി ഭാഗത്തേക്ക് വരുന്ന ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പരിപാടി കഴിയുന്നതുവരെ വെങ്കിടങ്ങിൽ യാത്ര അവസാനിപ്പിക്കണം. കാർ, ടു വീലർ മുതലായ ചെറിയ വാഹനങ്ങൾ വെങ്കിടങിൽ നിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് പാടൂർ ഇടിയഞ്ചിറ തിരുനെല്ലൂർ വഴി വടക്ക് ഭാഗത്തേക്ക് പോകണം.
പാവറട്ടിയിൽ നിന്നും കാഞ്ഞാണി ഭാഗത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ പുവ്വത്തൂർ ബസ് സ്റ്റാൻഡിൽ എത്തി തിരിച്ചു പോകണം. ഷഷ്ഠി ദിനമായ ശനിയാഴ്ച രാവിലെ എട്ട് മുതൽ ഇതേ രീതിയിൽ തന്നെ ഗതാഗത നിയന്ത്രണം ഉണ്ടാകും.