കൊടുങ്ങല്ലൂർ: തീരദേശത്ത് കടൽ ഇരച്ച് കയറി എടവിലങ്ങിൽ ഒരു വീട് തകർന്നു, നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലായി ആരംഭിച്ച മൂന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 80ഓളം കുട്ടികളുൾപ്പെടെ 450 ഓളം പേർ അഭയം തേടി. ചിലയിടങ്ങളിൽ ഒന്നര കിലോമീറ്ററിലധികം ദൂരത്തേക്ക് കടൽവെള്ളമെത്തി. എടവിലങ്ങിലെ കാരയിൽ കല്ലിശ്ശേരി ലെനിയുടെ ഓടു മേഞ്ഞ വീട് പൂർണ്ണമായും തകർന്നു. എടവിലങ്ങിലെ വാക്കടപ്പുറത്തിന് തെക്ക് ഭാഗം, എറിയാട് പഞ്ചായത്തിലെ ചന്ത, ആറാട്ടുവഴി, പേബസാർ, മണപ്പാട്ടുച്ചാൽ, അറപ്പ, ചേരമാൻ തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമാണം അനുഭവപ്പെടുന്നുണ്ട് . ഇവിടങ്ങളിൽ നൂറ് കണക്കിന് വീടുകളിലേക്ക് വെള്ളം കയറി. ജിയോബാഗുകളും മണൽച്ചാക്കുകളും കൊണ്ടുള്ള തടയണ മറികടന്നാണ് കടലെത്തിയത്. അഴീക്കോട് സുനാമി ഷെൽട്ടർ, എറിയാട് കേരളവർമ്മ ഹയർസെക്കൻഡറി സ്‌കൂൾ, കാര സെന്റ് ആൽബന എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
മതിലകം വില്ലാർവട്ടത്ത് ഷണ്മുഖന്റെ വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. കടൽഭിത്തിയില്ലാത്ത പ്രദേശങ്ങളിൽ കടൽക്ഷോഭം ഏറെ നാശനഷ്ടളുണ്ടാക്കി. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കടൽക്ഷോഭം ശക്തമായത്. അറപ്പതോടും ചെറുതോടുകളും വെള്ളം നിറഞ്ഞതോടെ ഇതിന് കിഴക്കുവശമുള്ള പ്രദേശങ്ങളും വീടുകളും വെള്ളത്തിലായി. കടൽ തീരത്ത് നിന്നും മത്സ്യ ബന്ധനയാനങ്ങളും എൻജിനും വലയും ഉൾപ്പെടെയുള്ളവ സുരക്ഷിത സ്ഥാനത്തേക്ക് നേരത്തെ മാറ്റിയിരുന്നു. കടലോര ജാഗ്രതാ സമിതിയുടെയും രക്ഷാപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും അടിയന്തര യോഗം അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ ചേർന്ന് പദ്ധതികൾക്ക് രൂപം നൽകി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദർശ്, തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി തഹസിൽദാർ ബാലചന്ദ്രൻ, ഫിഷറീസ് വകുപ്പ് എസ്.ഐ അൻസിൽ, കടലോര ജാഗ്രതാ സമിതി പ്രവർത്തകർ, റെസ്‌ക്യൂ ടീം, തീരദേശ പൊലീസ് എന്നിവർ അടിയന്തര യോഗത്തിൽ സംബന്ധിച്ചു.

ക്യാമ്പിലുള്ളവർ ഇങ്ങനെ

അഴീക്കോട് സുനാമി ഷെൽട്ടറിൽ 2 കുടുംബം (എട്ട് പേർ)
എറിയാട് കെ.വി.എച്ച്.എസ്.എസിൽ 86 കുടുംബം
കാര സെന്റ് ആൽബനയിൽ 39 കുടുംബം