വാടാനപ്പിള്ളി: കടലാക്രമണം രൂക്ഷമായ ഏങ്ങണ്ടിയൂർ തീരദേശത്ത് വെള്ളം കയറുന്നത് തടയാൻ കടലോരത്ത് ജിയോ ബാഗ് നിരത്താത്തതിലും മറ്റ് ശാശ്വത പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് ഏങ്ങണ്ടിയൂരിലെ ജനപ്രതിനിധികൾ ഉൾപ്പെടെ എൽ.ഡി.എഫ് പ്രവർത്തകർ വാടാനപ്പിള്ളി വില്ലേജ് ഓഫീസ് നാല് മണിക്കൂറോളം ഉപരോധിച്ചു.
തിരയടിച്ച് നിരവധി വീടുകളാണ് വെള്ളത്തിലായത്. വെള്ളം കയറുന്നത് തടയാൻ ഒരു സംവിധാനവും ഒരുക്കാത്തതാണ് നേതാക്കളെയും ജനപ്രതിനിധികളെയും ചൊടിപ്പിച്ചത്. വൈകിട്ട് 4.30 ഓടെ വാടാനപ്പിള്ളി വില്ലേജാഫീസിലെത്തി ഉദ്യോഗസ്ഥരെ ഉപരോധിക്കുകയായിരുന്നു.
വിവരമറിഞ്ഞ് വാടാനപ്പിള്ളി പൊലീസുമെത്തി. സമരം ശക്തമായതോടെ രാത്രി ഏഴോടെ ചാവക്കാട് തഹസിൽദാർ സ്ഥലത്ത് എത്തി. ഇതിനിടയിൽ വാടാനപ്പള്ളിയിലെ എൽ.ഡി.എഫ് നേതാക്കളും എത്തി. അനുകൂല നടപടിയില്ലെങ്കിൽ പോകില്ലെന്ന് നേതാക്കൾ തഹസിൽദാരെ അറിയിച്ചു. തുടർന്ന് ഒന്നര മണിക്കൂറോളം തഹസിൽദാരുമായി നേതാക്കൾ ചർച്ച നടത്തി. ഇതിനിടയിൽ ജില്ലാ കളക്ടറുമായി തഹസിൽദാർ മൊബൈലിൽ ബന്ധപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചർച്ച ചെയ്ത് പ്രശ്‌ന പരിഹാരം കാണാമെന്ന ഉറപ്പിലാണ് രാത്രി എട്ടരയോടെ സമരം അവസാനിപ്പിച്ചത്. ഉപരോധസമരം സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ, വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, മുൻ പ്രസിഡന്റ് എം.എ ഹാരീസ് ബാബു, വസന്ത മഹേശ്വരൻ, സിന്ധു സന്തോഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.