തൃശൂർ : തണ്ടർ ബോൾട്ട് സംഘത്തിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റുകളായ കാർത്തി, മാണി വാസകം എന്നിവരുടെ മൃതദേഹം കണ്ടു. കാർത്തിയുടെ മൃതദേഹം വികൃതമാക്കിയെന്ന ആരോപണവുമായി സഹോദരൻ മുരുകേശൻ രംഗത്തെത്തി. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ സഹോദരി ലക്ഷ്മി, സഹോദര പുത്രൻ അൻപരശൻ, രക്തബന്ധത്തിന്റെ രേഖകളുമായി കാർത്തിയുടെ സഹോദരൻ മുരുകേശൻ എന്നിവർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലെത്തിയത്.

മനുഷ്യാവകാശ പ്രവർത്തകർക്കൊപ്പമാണ് ഇവർ മോർച്ചറിക്ക് സമീപമെത്തിയത്. എന്നാൽ ആദ്യം മൃതദേഹം കാണിക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ മോർച്ചറിക്ക് സമീപം കുത്തിയിരിക്കുമെന്ന് ഇവർ പറഞ്ഞു. ഇതേത്തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി രേഖകളുമായി സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഇതിനും ഇവർ തയ്യാറായില്ല. പ്രശ്‌നം വഷളാകുമെന്ന് കണ്ടതോടെ പൊലീസ് ഇവരുടെ അടുത്തെത്തി രേഖ പരിശോധിച്ചു. മണിവാസകത്തിന്റെ ബന്ധുക്കൾ കോടതി വിധിയുടെ പകർപ്പുകൾ നൽകിയപ്പോൾ കാർത്തിയുടെ സഹോദരൻ മുരുകേശൻ സാഹോദരനാണെന്ന് കാണിക്കുന്ന രേഖകളും പൊലീസിന് മുന്നിൽ ഹാജരാക്കി. തുടർന്ന് മോർച്ചറിക്ക് ഉള്ളിലേക്ക് കടന്ന ഇവർ അരമണിക്കൂർ നേരം അവിടെ ചെലവഴിച്ചു. പുറത്ത് കടന്ന ഇവർ വിതുമ്പുന്ന നിലയിലായിരുന്നു. മണിവാസകത്തിന്റെ സഹോദരിയെ താങ്ങിപ്പിടിച്ചാണ് സഹോദരപുത്രൻ അൻപരശൻ പുത്തേക്ക് കൊണ്ടുവന്നത്. ഗുരുവായൂർ എ.സി.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിൽ വൻ സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരുന്നു.

കാർത്തിയുടെ മൃതദേഹമാണെന്ന് തീർച്ചയില്ലെന്ന്


വെടിയേറ്റ് മരിച്ച കാർത്തിയുടെ മൃതദേഹം പൂർണമായി തിരിച്ചറിയാനാകാത്ത വിധത്തിൽ വികൃതമാണെന്ന് സഹോദരൻ മുരുകേശൻ പറഞ്ഞു. കണ്ണുകൾ കാണാൻ സാധിക്കാത്ത നിലയിലാണ്. നെറ്റിയുടെ ഭാഗം തകർന്ന നിലയിലാണ്. അത് കൊണ്ട് താൻ കാർത്തിയുടെ മൃതദേഹമാണെന്ന് പൂർണമായി തീർച്ചപ്പെടുത്തുന്നില്ല. കൂടുതൽ ബന്ധുക്കൾ ഇന്നെത്തുമെന്നും മുരുകേശൻ പറഞ്ഞു. അതേ സമയം മാണി വാസകത്തിന്റെ മൃതദേഹം സഹോദരി ലക്ഷ്മി തിരിച്ചറിഞ്ഞു.