op

ചിറയിൻകീഴ്: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതം വർദ്ധിക്കുന്നതായി പരാതി. ഒ.പിയിൽ ഡോക്ടർമാരുടെ കുറവാണ് രോഗികളെ ഏറെ വലയ്ക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള ക്യാഷ്വാലിറ്റിയിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉണ്ടെങ്കിലും പലപ്പോഴും ഒരാൾ മാത്രമേ കാണുകയുള്ളൂ. ഇത് ഇവിടെ എത്തുന്ന രോഗികൾക്കും ചികിത്സിക്കുന്ന ഡോക്ടർക്കും ഒരു പോലെ ബുദ്ധിമുട്ടാണ്. അതുപോലെ രാത്രിയിൽ 8 മണി മുതൽ പിറ്റേദിവസം 8 മണിവരെയുള്ള ഷിഫ്റ്റിലും ഒരു ഡോക്ടർ മാത്രമാണുള്ളത്.

മണിക്കൂറുകളോളം ക്യൂ നിന്ന് ഒ.പി ടിക്കറ്റ് എടുക്കാനെത്തുമ്പോഴായിരിക്കും ആ വിഭാഗത്തിലെ ഡോക്ടർ ഇല്ലായെന്ന വിവരം അറിയുന്നത്. ഡോക്ടർമാരുടെ നെയിംബോർഡിൽ അതാത് ദിവസങ്ങളിലുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാണോ അല്ലയോ എന്നുള്ളത് രേഖപ്പെടുത്തിയിരുന്നെങ്കിൽ രോഗികൾക്ക് ക്യൂവിൽ മണിക്കൂറുകളോളം നിൽക്കുന്നത് ഒഴിവാക്കാമായിരുന്നു. ഇത് നടപ്പിലാക്കണമെന്ന ആവശ്യവും ഇവിടെ അവഗണിക്കുകയാണ്.

മുൻകാലങ്ങളിൽ സ്കിൻ ഡോക്ടറുടെ സേവനം മാസത്തിൽ രണ്ടുപ്രാവശ്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് പൂർ‌ണമായി നിലച്ചിട്ട് ഒരുവർഷത്തിലേറെയായി. സർജറി വിഭാഗത്തിലും ഒരു ഡോക്ടറുടെ കുറവുണ്ട്. ഇവിടുത്തെ ആംബുലൻസിൽ ഡ്രൈവർമാരുടെ സേവനം പലപ്പോഴും ലഭ്യമല്ലെന്ന പരാതിയും നിലനിൽക്കുകയാണ്. ഇനിയെങ്കിലും തങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കല്ലേ എന്നാണ് രോഗികളുടെ ആവശ്യം.