'തിലേക്കോ ദാഡാവോ തോമയ് ദേഖി ഹേ നഖർ ..' വേദിയിൽ ഏക്താര എന്ന ഒറ്റതന്ത്രി വീണയുമായി സ്വയംമറന്ന് ശാന്തിപ്രിയ പാടുകയാണ്. 'പ്രപഞ്ച നാഥാ , അല്പനേരത്തേക്ക് നൃത്തം നിറുത്തി നിന്റെ സ്വരൂപത്തെ ഒന്നു കാട്ടിത്തരൂ...' എന്നർത്ഥമുള്ളതും ലിംഗ, മത, ഭാഷാ വിവേചനമില്ലാതെ പ്രകൃതിയോട് പ്രാർത്ഥിക്കാനുള്ളതുമായ വരികൾ. ഇന്ത്യൻ നാടോടി സംസ്കാരത്തിലെ അവധൂത പാരമ്പര്യമുള്ള ബംഗാളിലെ ബാവുൾ സംഗീതം പാടുന്ന ഏക മലയാളി വനിതയാണ് വയനാട് സ്വദേശി ശാന്തിപ്രിയ .
'മാവേലി മൻറം" എന്ന നോവലിലൂടെ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ കെ.ജെ. ബേബിയുടെ മകളാണ് വയനാട് നടവയൽ സ്വദേശിയായ ശാന്തി. വയനാട്ടിലെ ആദിവാസി കുട്ടികൾക്കായി കെ.ജെ. ബേബി നടത്തുന്ന കനവ് എന്ന ഗുരുകുലാശ്രമത്തിലായിരുന്നു ശാന്തി പഠിച്ചത് . ബദൽ വിദ്യാഭ്യാസത്തിന്റെ സന്ദേശവുമായി ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്‌തമാകുന്നതിനും വേണ്ടി ആരംഭിച്ച കനവിൽ വിവിധ സംഗീതശാഖകൾ പഠന വിഷയമായിരുന്നു. ദ്രുപദ് സംഗീതം അഭ്യസിച്ച ശാന്തി മറ്റു പാട്ടുകളെയും അന്വേഷിച്ചു കൊണ്ടേയിരുന്നു .
ബാവുൾ സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തിയ പാർവതി ബാവുളിനെ ഒരിക്കൽ കാണാനിടയായത് വഴിത്തിരിവായി. ഏക്താര (ഒറ്റതന്ത്രിവീണ), ദുതാര (ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോൾ, ഡുപ്കി ഡ്രം, ഓടക്കുഴൽ, കൈമണി, കാൽചിലങ്ക എന്നിവ ഉപയോഗിച്ച് അവർ നടത്തിയ സംഗീത അവതരണം വല്ലാതെ ആകർഷിച്ചു. തന്നെയും പഠിപ്പിക്കാമോ എന്നു ചോദിച്ചു, പാർവതി പകർന്നു കൊടുത്ത അറിവുകളിൽ നിന്നും ബാവുൾ സംഗീതം ഹൃദിസ്ഥമാക്കി. പിന്നീട് വേദികളിൽ നിന്നും വേദികൾക്ക്.
തത്ത്വവും ലാളിത്യവും തുളുമ്പുന്ന വരികൾ ബംഗാളി ഭാഷയിൽ അവതരിപ്പിക്കുന്നതിന് മുൻപ് മലയാളത്തിൽ ആശയം വിശദീകരിച്ചുകൊടുക്കുന്നതാണ് ശാന്തിയുടെ രീതി. പിന്നീട് ഗാനങ്ങളിലെ അലൗകിക-കാല്പനിക പ്രണയത്തിലേക്ക് മെല്ലെ ചുവടുവച്ച് ലയിച്ചിറങ്ങും. നാഷണൽ ഓപ്പൺ സ്‌കൂളിൽ പത്താം ക്ലാസ് വിജയിച്ചതിന് ശേഷം ഇംഗ്ലണ്ടിലായിരുന്നു ശാന്തിയുടെ തുടർ വിദ്യാഭ്യാസം. ഇപ്പോൾ തിരുവില്വാമല മരുതം ഫാം സ്‌കൂളിൽ സംഗീതാദ്ധ്യാപികയാണ്. ചെറിയ കൂട്ടായ്‌മകളിൽ സംഗീതം അവതരിപ്പിക്കാനാണ് ആഗ്രഹമെന്നും അറിവിന്റെ പങ്കുവയ്‌ക്കലുകളാണ് അവിടെ ഉണ്ടാകുന്നതെന്നും ശാന്തി പറയുന്നു. സംഗീത ജീവിതത്തിന് കൂട്ടായി കർഷകനായ ഭർത്താവ് സുനിലും നാലുവയസുള്ള മകൻ വനമാലിയും ഒപ്പമുണ്ട്.