പൂവാർ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറാലുമൂട് റേഷൻ ഡിപ്പോയിൽ വച്ച് കെ.ആൻസലൻ എം.എൽ.എ ഒരു കോടി ഒപ്പുശേഖരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.പൊതുവിതരണ രംഗം സ്വകാര്യവത്കരിച്ച് കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കണമെന്നും, എല്ലാ കാർഡ് ഉടമകൾക്കും പഞ്ചസാരയും പയർവർഗ്ഗങ്ങളും സബ്സിഡി നിരക്കിൽ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കാർഡ് ഉടമകളിൽ നിന്നും ഒരു കോടി ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് കാമ്പയിന് തുടക്കം കുറിച്ചത്.താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ജില്ലാ പ്രസിഡന്റ് തലയൽ മധു, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ചന്ദ്രനാഥ്, ശശികുമാർ ,ജോൺ, പിരായുംമൂട് മോഹൻ,സതീന്ദ്രൻ, രവികുമാർ ,വേണു, മോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.