നേമം: നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരത്തിന് സമീപം എരുത്താവൂർ അരുവാക്കോട് നൂറിൽപ്പരം കുടുബങ്ങളാണ് ഈറ്റനെയ്ത്ത് വ്യാപാരത്തിലൂടെ ഉപജീവനമാർഗം കണ്ടെത്തുന്നത്. എന്നാൽ കേരളത്തിലെ പ്രധാന പരമ്പരാഗത കുടിൽ വ്യവസായങ്ങളിലൊന്നായ ഈറ്റ വ്യവസായം ഇപ്പോൾ അന്യമാവുകയാണ്. ഒപ്പം ഈറ്റവ്യവസായികളുടെ കുടുമ്പം നിത്യ ദുരിതത്തിലും പട്ടിണിയിലുമാണ് കഴിയുന്നത്. പലരും ഇപ്പോൾ ഈറ്റ വ്യവസായം ഉപേക്ഷിച്ച് മറ്റ് ജോലി തേടി പോകുകയാണ്. ഓരോ വർഷവും കഴിയും തോറും ഈറ്റ വ്യാപാര തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് വരുന്നത്.
ഈറ്റ ഉത്പന്നങ്ങൾക്ക് ഇന്ന് നമ്മുടെയിടയിൽ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും നിർമ്മാണ തൊഴിലാളികൾക്ക് തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനൊ കുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുവാനോ സാധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വർഷത്തിൽ ഭൂരിഭാഗം ദിനവും തൊഴിലെടുത്തിട്ടും ജീവിക്കാനുള്ള വക കണ്ടെത്താൻ ഇവർക്ക് കഴിയാറില്ല. ഇവർ നിർമ്മിക്കുന്ന വട്ടിയും കുട്ടയും മുറങ്ങളും ചൂരൽ കസേരകളും വിവിധ തരത്തിലുളള കരകൗശല വസ്തുക്കളും വിറ്റഴിക്കാൻ സാധിക്കാത്തതും വിപണനത്തിന് ഇടനിലക്കാരുടെ സഹായം ആവശ്യമായി വരുന്നതും ഈറ്റ വ്യവസായത്തിന്റെ നാശത്തിന് പ്രധാന കാരണമായി.
ഈറ്റ വിപണിയുടെ തകർച്ചയ്ക്ക് പ്രധാനകാരണം നെയ്ത്തുകാർക്കും കച്ചവക്കാർക്കും ഇടയിൽ പ്രവർത്തിക്കുന്ന ഇടനിലക്കാരാണ്. ഇടനിലക്കാരെത്തി നെയ്ത്തുകാരിൽ നിന്നും കുറഞ്ഞ വിലയ്ക്കാണ് ഉത്പന്നങ്ങൾ വാങ്ങുന്നത്. ഇല്ലെങ്കിൽ ഇടനിലക്കാർ വിലപേശും. ഇവരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങൾ ചെറിയ മിനുക്കുപണികൾ നടത്തി ഇരട്ടി വിലയ്ക്ക് കച്ചവടക്കാർക്ക് നൽകുകയാണ് പതിവ്. വില കൂടുതലായാൽ പലരും ഈറ്റ ഉത്പന്നങ്ങൾ വാങ്ങാൻ മടിക്കും. ബാംബു കോർപ്പറേഷന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നും ആവശ്യത്തിന് പരിചരണം ഈറ്റ നിർമ്മാണ തൊഴിലാളികൾക്ക് ലഭിക്കാത്തതാണ് ഇവർ ചൂക്ഷണത്തിന് വിധേയരാകുന്നതെന്നും പരാതിയുണ്ട്.
ഈറ്റ നിർമ്മാണ തൊഴിലാളികൾക്ക് അസംസ്കൃത വസ്തുവായ ഈറ്റ ആവശ്യത്തിന് ലഭിക്കാത്തതും തൊഴിലാളികൾക്ക് വെല്ലുവിളയാകാറുണ്ട്. തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന ഓരോ കുടുംബത്തിനും ഈറ്റ ശേഖരിക്കാൻ വനത്തിൽ പ്രവേശിക്കുന്നതിനും വനംവകുപ്പ് നിഷ്കർഷിക്കുന്ന അളവിൽ ഈറ്റ ശേഖരിക്കുന്നതിനും പാസ് നൽകിയിട്ടുണ്ട്. അനധികൃതമായി വനത്തിൽ പ്രവേശിക്കുന്നവർക്ക് ശിക്ഷ ലഭിക്കുകയും ചെയ്യും.
താലൂക്കിലെ തൊഴിലാളികൾ കൂടുതലായും ഈറ്റ ശേഖരിക്കാൻ പോകുന്നത് അഗസ്ത്യ വനത്തിലെ കോട്ടൂർ വന മേഖലകളിലാണ്. ഈറ്റ ശേഖരിക്കാൻ വനത്തിൽ പോകുന്ന പലരും കാട്ടുപന്നികൾ ഉൾപ്പടെയുള്ള വന്യ മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. നെടുമങ്ങാട്, കാട്ടാക്കട, ആറാലുംമൂട് മാർക്കറ്റുകളിലാണ് ഇവർ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ പലപ്പോഴും വിറ്റഴിക്കുന്നത്. വനത്തിൽ നിന്നും ഈറ്റ ശേഖരിക്കുന്ന കാര്യത്തിൽ വേണ്ട വിധം ഇളവുകൾ അനുവദിക്കാൻ സർക്കാർ തയാറാകണം എന്നതാണ് പരമ്പരാഗത ഈറ്റ നെയ്ത്ത് തൊഴിലാളികളുടെ ആവശ്യം.