neduvelikonam-road

വെമ്പായം. വേറ്റിനാട് , ആലുവിള പന്തലക്കോണം റോഡിന് റോഡെന്ന പേര് ഒരു അലങ്കാരം മാത്രമാണ്. അത്രത്തോളം തകർന്ന് തരിപ്പണമായി കിടക്കുകയാണ് .സർക്കാരുകളും ഭരണകർത്താക്കളും മാറി മാറി വന്നെങ്കിലും ഈ മാറ്റങ്ങളൊന്നും റോഡിനെ ബാധിച്ചില്ലെന്നു വേണം പറയാൻ.വാഹനങ്ങളുമായി നിരത്തിലിറങ്ങിയാൽ അന്നു തന്നെ വർക്ക് ഷോപ്പിൽ കയറ്റേണ്ട അവസ്ഥയാണ്. പിന്നെ കാൽ നടയാത്രക്കാരുടെ കാര്യം പറയേണ്ടതുണ്ടോ.

എം.സി റോഡിനെ സമീപ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന നടപ്പാതയായ ഇതിനെ ആറ് വർഷം മുമ്പ് വീതി കൂട്ടി നവീകരിച്ചിരുന്നു. അതിന് ശേഷം മറ്റു പണികളൊന്നും നടന്നിട്ടില്ല. റോഡ് വീതി കൂട്ടിയപ്പോൾ ടാറിംഗും ഉടൻ ഉണ്ടാകുമെന്ന് പറഞ്ഞ് മോഹിപ്പിച്ച അധികൃതരെ പിന്നെയാ വഴി കണ്ടിട്ടേയില്ലെന്നാണ് നാട്ടുകാരുടെ സംസാരം.

റോഡ് മൺ പാതയായി അവശേഷിക്കുന്നതല്ലാതെ നാളിതുവരെ യാതൊരു പ്രവർത്തനവും ഉണ്ടായില്ല.

വെമ്പായം പഞ്ചായത്തിൽ വേറ്റിനാട് ,നെടുവേലിക്കോണം വാർഡുകൾ വഴിയാണ് റോഡ് കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതിയുമായി എത്തുന്ന നാട്ടുകാരോട് ഉടൻ ശരിയാക്കിത്തരാം എന്ന് അധികൃതർ പറയുമെങ്കിലും മൺപാതയിലൂടെ നടന്ന് അവരുടെ കാലുകൾ 'ശരി 'യാകുന്നതല്ലാതെ റോഡ് മാത്രം മാറിയില്ല. പ്രായമായവർ ഇതുവഴിയുള്ള യാത്രകൾ തന്നെ ഒഴിവാക്കിക്കഴിഞ്ഞു. അപകടങ്ങൾ പതിവായതോടെ ചെറിയ വാഹനങ്ങളും ഇത് വഴി വരാതായി. ഗ്രാമീണർ തങ്ങളുടെ കാർഷിക ഉത്പന്നങ്ങൾ തലച്ചുമടായി കിലോമീറ്ററുകൾ താണ്ടി വേറ്റിനാട് ജംഗ്ഷനിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് വാഹനങ്ങളിൽ കയറ്റി വട്ടപ്പാറ, കന്യാകുളങ്ങര മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തിയ്ക്കുന്നത്.

റോഡ് വീതി കൂട്ടിയ ശേഷം മുകളിൽ മണ്ണിട്ട് ഉറപ്പിച്ചുള്ള ജോലികൾ മാത്രമായിരുന്നു ഇവിടെ നടന്നത്. മഴ പെയ്തതോടെ പല ഭാഗങ്ങളിൽ നിന്നും മണ്ണ് ഇളകിയൊലിച്ചു. പല സ്ഥലങ്ങളിലും കുഴികളുമായി. ഇരുചക്രവാഹങ്ങൾക്ക് ഇത് വഴി കടന്ന് പോകണമെങ്കിൽ അഭ്യാസം കാട്ടേണ്ട അവസ്ഥയാണ് . കണ്ണ് തെറ്റിയാൽ തെന്നിവീഴും . കാൽ നടയാത്രക്കാരുടെ കാര്യം അതിലേറെ കഷ്ടമാണ്.

നവീകരിച്ചത് 6 വർഷം മുമ്പ്

ദുരിതം ഒഴിയാതെ

വെറു മൺപാതയായ റോഡ്

മഴവെള്ളപ്പാച്ചിലിൽ തകർന്നു

വലിയ നീർച്ചാലുകൾ രൂപപ്പെട്ടു

വഴിനടക്കാനാകാത്ത അവസ്ഥ

വഴിമദ്ധ്യേ വലിയ കുഴികൾ

വാഹനങ്ങൾ പോലും കയറാത്ത റോഡ്

 വേറ്റിനാട് , നെടുവേലി ആലുവിള പന്തലക്കോണം റോഡിന്റെ ശോച്യാവസ്ഥ എം പി അടൂർ പ്രകാശിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി സടക് യോജനയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.

തേക്കട അനിൽകുമാ‌ർ, ഡി.സി.സി ജനറൽ സെക്രട്ടറി