1

നേമം: ശാന്തിവിള - കുരുമി - മേലാംകോട് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടതിനാൽ കാൽനട - ഇരുചക്രവാഹനയാത്രികർ ഏറെ ബുദ്ധിമുട്ടുകയാണ്. മഴവെളളം കുഴികളിൽ നിറഞ്ഞതിനാൽ വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രികരുടെ ദേഹത്ത് ചെളിവെളളം തെറിക്കുന്നത് പതിവായിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും തടികൾ പോലുളള സാമഗ്രികൾ ഇറക്കിയിട്ടിരിക്കുന്നതും പഴയ ഫ്ലക്സ് - പരസ്യബോർഡുകൾ മാറ്റാതെ റോഡ് വശത്ത് വച്ചിരിക്കുന്നതും വാഹനങ്ങൾക്ക് കടന്നുപോകാൻ തടസമാകുന്നു. റോഡിനിരുവശത്തും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു കാരണം അപകടങ്ങളും പതിവായി. ദിനംപ്രതി ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. തിരക്കിൽപ്പെടാതെ നഗരത്തിലെത്താനുള്ള എളുപ്പവഴിയായതുകൊണ്ട് നിരവധിപേർ ഈ റോഡ് പ്രയോജനപ്പെടുത്തുന്നു. കുരുമി ഭാഗത്തെ റോഡ് പൂർണമായും തകർന്നത് കാരണം ഇതുവഴിയുളള കെ.എസ്.ആർ.ടി.സി ബസ് സർവീസ് നിറുത്തി വച്ചിരിക്കുന്നതായും പരാതിയുണ്ട്. ഇതു കാരണം സ്കൂൾ കുട്ടികളും നഗരത്തിലേക്ക് ജോലിക്ക് പോകുന്നവരും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ജനങ്ങൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ എത്രയും വേഗം പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണം എന്ന് നാട്ടുകാരും ശാന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സച്ചിദാനന്ദനും ആവശ്യപ്പെടുന്നു.

ബസ് സർവീസ് നിലച്ചു

പാപ്പനംകോട് ഡിപ്പോയിൽ നിന്നും എട്ട് സർവീസുകൾ നടത്തിയിരുന്ന ശാന്തിവിള - കുരുമി ബസ് നിറുത്തലാക്കിയിട്ട് 2 വർഷത്തോളമായി. റോഡ് തകർന്നതും കുരുമി ഭാഗത്ത് ബസ് തിരിയാൻ പ്രയാസമാണെന്നും പറഞ്ഞാണ് ബസ് സർവീസ് നിറുത്തലാക്കിയത്. തകർന്ന ഈ റോഡ് പൂർണമായും തിരുവനന്തപുരം നഗരസഭ പരിധിയിൽ ഉൾപ്പെട്ടതാണ്. കുരുമിയുടെ ഏതാനും കുറച്ച് ഭാഗം കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതും. റോഡ് പണി നടത്തേണ്ടത് നഗരസഭയാണ്.

പ്രതികരണം:

ശാന്തിവിള - കുരുമി - മേലാംകോട് റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കണം. റോഡിന്റെ പ്രധാന പണി നടന്നിട്ട് 6 വർഷത്തോളമായി. റോഡ് പൂർണമായും പൊട്ടിപൊളിഞ്ഞു. എത്രയും പെട്ടെന്ന് റീടാറിംഗ് നടത്തി നിറുത്തലാക്കിയ ശാന്തിവിള - കുരുമി ബസ് സർവീസ് പുനരാരംഭിക്കണം.

അരുമാനൂർ സുശീലൻ,

ട്രഷറർ, ശാന്തി റസിഡന്റ്സ് അസോസിയേഷൻ

ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ നിവേദനം നൽകിയെങ്കിലും നടപടിയായില്ല

തകർന്നത് നഗരത്തിലെത്താനുള്ള എളുപ്പവഴി

അനധികൃത വാഹന പാർക്കിംഗും വ്യാപകം

ബസ് സർവീസ് നിറുത്തലാക്കിയിട്ട് 2 വർഷം

റോഡ് റീടാർ ചെയ്തിട്ട് 6 വർഷം