inchivila-lp-school

പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ ഇഞ്ചിവിള ഗവ.എൽ.പി സ്കൂളിലെ ഒരേക്കറോളം വരുന്ന സ്കൂൾ വളപ്പും ഇനി പാഠപുസ്തകമാകുകയായണ്. സ്‌കൂൾ കെട്ടിടങ്ങൾക്ക് ചുറ്റുമായി 40 സെന്റിലേറെ വിസ്തൃതിയുള്ള പ്രദേശത്ത് കൃഷികളും പൂന്തോട്ടങ്ങളും ഔഷധസസ്യ തോട്ടവും ഒരുക്കിയാണ് ജൈവവൈവിധ്യ പഠനോപകരണങ്ങളാക്കി മാറ്റുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയ വളപ്പിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കാൻ രണ്ടു ഘട്ടങ്ങളിലായി 30,000 രൂപ അനുവദിച്ചു. സ്കൂൾ വളപ്പിൽ കാടുപിടിച്ച നിലയിലായിരുന്ന സ്ഥലം കൃഷിക്ക് ഉപയുക്തമാക്കി മരിച്ചീനി, വാഴ എന്നിവയുടെ കൃഷി ആരംഭിച്ചു. തുടർന്ന് ഔഷധ സസ്യത്തോട്ടം, പൂന്തോട്ടം, പഴവർഗ സസ്യങ്ങൾ, ഹാംഗിംഗ് ഗാർഡൻ വെച്ചുപിടിപ്പിക്കൽ എന്നിവയും നടന്നു. സർവ സുഗന്ധിയും കറ്റാർവാഴയും ദശപുഷ്പങ്ങളും ഉൾപ്പെടെ അമ്പതിലേറെ ഔഷധസസ്യങ്ങളും ജാമ്പയ്ക്ക മുതൽ ഞാവൽ വരെയുള്ള പഴവർഗങ്ങളും വിവിധ പയറുവർഗങ്ങളും പച്ചക്കറി ഇനങ്ങളും ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം തന്നെ സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്നുണ്ട്. ഇവിടെ കൃഷി ചെയ്ത് ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ സ്‌കൂളിലെ പാചകത്തിനും ഉപയോഗിക്കുന്നുണ്ട്. ജൈവവൈവിധ്യ ഉദ്യാനത്തെ പ്രയോജനപ്പെടുത്തി പഠന നേട്ടങ്ങൾ ആർജിക്കുന്നതിനായുള്ള ജൈവവൈവിധ്യ ഉദ്യാന ശില്പശാല സ്കൂളിൽ നടന്നു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. കൃഷ്ണകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അദ്ധ്യാപകരും സമഗ്ര ശിക്ഷ പ്രവർത്തകരും പങ്കെടുത്തു.