fratt


അദ്ധ്യാപികയെ കണ്ട് അനുഗ്രഹം തേടി, പിന്നെ വോട്ടർമാർക്കിടയിലേക്ക്...

തിരുവനന്തപുരം: കൊടുങ്ങാനൂരിലെ പ്ലാവോട്ട് നിന്നാണ്‌ ഇന്നലെ വി.കെ. പ്രശാന്തിന്റെ വോട്ടഭ്യർത്ഥന ആരംഭിച്ചത്‌. തലസ്ഥാന നഗരത്തിലെ ചുട്ട്‌ പൊള്ളുന്ന വെയിലിൽ സ്ഥാനാർത്ഥിക്കായി വീട്ടമ്മമാർ വെള്ളവും മോരുമെല്ലാം നൽകി. സെന്റ് സേവിയേഴ്‌സ് കോളേജിലെ അദ്ധ്യാപിക ഐറിസിനെ കണ്ട് പ്രശാന്ത് അനുഗ്രഹം തേടി. നെട്ടയം, ശ്രീരാമ കൃഷ്ണാശ്രമത്തിലും കാച്ചാണി മുക്കോലയിലെ ജുമാമസ്‌ജിദിലും വോട്ടഭ്യർത്ഥിച്ചെത്തി. സ്‌കൂൾ കഴിഞ്ഞ്‌ വീട്ടിലെത്തിയ കുട്ടികളെല്ലാം മേയർ എത്തിയതറിഞ്ഞ്‌ പുറത്തേക്കെത്തി. എല്ലാ കുട്ടികൾക്കും വേണം പ്രശാന്തിനൊപ്പം സെൽഫി. കുട്ടികൾക്കായി സെൽഫിയെടുക്കാൻ പ്രശാന്ത്‌ തയ്യാറാവുമ്പോഴേക്കും ഫ്രെയിമിൽ അമ്മയും അച്ഛനും എല്ലാവരുമെത്തി. പ്രശാന്തെത്തുന്ന സ്വീകരണ കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം സ്ഥാനാർത്തിയെ കൈപിടിച്ച്‌ കൊണ്ടുപോകാനും വഴികാണിക്കാനുമെല്ലാം പ്രവർത്തകർക്ക് ഉത്സാഹം.

ഇന്നലെ കൊടുങ്ങാനൂർ, വാഴോട്ടുകോണം, കാച്ചാണി, നന്തൻകോട്‌, എന്നിവിടങ്ങളിലെ വോട്ടഭ്യർത്ഥനയ്‌ക്ക്‌ ശേഷം വട്ടിയൂർക്കാവിൽ ഫ്രാറ്റ്‌ സംഘടിപ്പിച്ച സ്ഥാനാർത്ഥികളുടെ സംഗമത്തിൽ പ്രശാന്ത്‌ പങ്കെടുത്തു. തുടർന്ന്‌ കണ്ണമ്മൂലയിലെ കുടുംബയോഗത്തിലും പങ്കെടുത്തു.
മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ പ്രശാന്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ചെത്തി. കുന്നുകുഴി വാർഡിലെ ബാർട്ടൺഹിൽ പ്രദേശത്തും സ്ഥാനാർത്ഥി പര്യടനം നടത്തി.


ഇന്ദിരാഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി പ്രചാരണത്തിന് തുടക്കം


തിരുവനന്തപുരം: രാവിലെ ഒമ്പതിന് വട്ടിയൂർക്കാവ് ഗവൺമെന്റ് പോളിടെക്നിക്കിന് മുന്നിലെ ഇന്ദിരാഗാന്ധിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി കെ. മോഹൻകുമാർ പ്രചാരണത്തിന് തുടക്കമിട്ടു. നെട്ടയം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വോട്ട് അഭ്യർത്ഥിച്ചെത്തി. 11ഓടെ കുടപ്പനക്കുന്നിൽ എത്തുമ്പോൾ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകർ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. അവരോടൊപ്പം സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് വോട്ടഭ്യർത്ഥിക്കലാണ് നടന്നത്. വ്യാപാര സ്ഥാപനങ്ങളിൽ എത്തുമ്പോൾ സ്‌നേഹത്തോടെ അവർ തങ്ങളുടെ പഴയ എം.എൽ.എയെ സ്വീകരിച്ചു. ഉച്ചവിശ്രമത്തിന് ശേഷം നാലു മണിയോടെ തുരുത്തുംമൂല വാർഡിലെ വഴയില പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. ഫ്രാറ്റിന്റെ നേതൃത്വത്തിൽ നടന്ന സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത് വട്ടിയൂർക്കാവിന്റെ വികസന സ്വപനങ്ങൾ പങ്കുവച്ചു. കുന്നുകുഴി, വാഴോട്ടുകോണം എന്നിവിടങ്ങളിൽ നടന്ന മണ്ഡലം കൺവെൻഷനുകളിലും കമ്മിറ്റികളിലും പങ്കെടുത്ത ശേഷം രാത്രി വൈകിയാണ് പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചത്. കുന്നുകുഴി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരനും വാഴോട്ടുകോണം മണ്ഡലം കൺവെൻഷൻ വി.എസ്. ശിവകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു.


കുടപ്പനക്കുന്നിൽ നിന്നു തുടങ്ങി ഒരോട്ട പ്രദക്ഷിണം...

തിരുവനന്തപുരം : കുടപ്പനക്കുന്നിലെ ത്രിവേണി ഗാർഡൻസിൽ നിന്നുമാണ് എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷ് പര്യടനം ആരംഭിച്ചത്. സ്ഥാനാർത്ഥിയുടെ വരവും കാത്ത് രാവിലെ തന്നെ പ്രവർത്തകർ നിൽപ്പുണ്ടായിരുന്നു. സ്ഥാനാർത്ഥിയെത്തിയപ്പോൾ പ്രവർത്തകർക്കൊരു ആഗ്രഹം, കൂടെനിന്ന് ഒരു സെൽഫി എടുക്കണം. ഒട്ടും മടിച്ചില്ല, പിന്നെ മൊബൈൽ ഫ്ലാഷുകൾ മിന്നി, എല്ലാവരും ഹാപ്പി. തുടർന്ന് എല്ലാവരുമൊരുമിച്ച് ഈ മേഖലയിലെ ഇരുനൂറോളം വീടുകൾ കയറിയിറങ്ങി. പരിചയം പുതുക്കിയും സന്തോഷം പങ്കുവച്ചും വോട്ടഭ്യർത്ഥിച്ചു.
ഉച്ചയ്ക്ക് ശേഷം വട്ടിയൂർക്കാവ് മേഖലയിലായിരുന്നു പ്രചാരണം. സ്ഥാനാർത്ഥിക്കൊപ്പം ഓടിയെത്താൻ പ്രവർത്തകർ നന്നേ പാടുപെട്ടു. ഫ്രാറ്റ് സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമത്തിൽ പങ്കെടുത്ത് മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ ഒന്നൊന്നായി അവതരിപ്പിച്ചു. തൊഴുവൻകോട് ക്ഷേത്രത്തിൽ ദർശനത്തിനുശേഷം കുടപ്പനക്കുന്ന് ഏരിയാ കൺവെൻഷനിലും പങ്കെടുത്തു. കുറവൻകോണത്തെ വിവിധ സ്ഥലങ്ങൾ ചുറ്റിസഞ്ചരിച്ച് വോട്ടഭ്യർത്ഥിച്ച ശേഷം രാത്രിയോടെയാണ് പ്രചാരണം അവസാനിപ്പിച്ചത്.