തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ) പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ലക്ഷങ്ങൾ വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. യു.എൻ.എയുടെ പേരിലുള്ള നാല് അക്കൗണ്ടുകളിൽ നിന്നായി ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഭാര്യ ഷംനയുടെ പേരിലുളള അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങളുടെ ഇടപാട് നടത്തിയെന്ന് കണ്ടെത്തി. 2017 മുതൽ 2019 മാർച്ചുവരെ വകമാറ്റിയ പണം ഉപയോഗിച്ച് ഷംനയുടെ പേരിൽ ഇന്നോവയും സ്വിഫ്റ്റ് കാറും തൃശൂരിൽ അരക്കോടിയിലേറെ രൂപ വിലയുള്ള ഫ്ലാറ്റും സ്വന്തമാക്കിയതായും അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. 55 ലക്ഷം രൂപാ വിലയുള്ള ഫ്ലാറ്റിന്റെ ഇടപാടിനായി പത്ത് ലക്ഷം രൂപയാണ് അക്കൗണ്ടിൽ നിന്ന് ചെലവഴിച്ചത്. ബാക്കി 45 ലക്ഷം രൂപ ബാങ്കിൽ നിന്ന് വായ്പയെടുത്തതായുളള രേഖകളും കണ്ടെത്തി. ബാങ്ക് വായ്പകൾ ഷംന മുടക്കംവരുത്താതെ അടച്ചിരുന്നെങ്കിലും കേസിൽ ഇവരെ കൂടി പ്രതിചേർക്കുകയും ബാങ്ക് ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്തതോടെ തിരിച്ചടവ് മുടങ്ങിയിട്ടുണ്ട്.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പേരിൽ നാല് ബാങ്കുകളിലായുള്ള ആറ് അക്കൗണ്ടുകൾ അന്വേഷണസംഘം മരവിപ്പിച്ചു. നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് ഷംനയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായി സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷംനയേയും കേസിൽ പ്രതിചേർത്തത്. ഒന്നാംപ്രതി ജാസ്മിൻ ഷായെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവരും യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികളാണ്. നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറികൾ പുറത്താകുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഇക്കഴിഞ്ഞ ജൂലൈ 19ന് ജാസ്മിൻ ഷായും മറ്റ് നാല് പ്രതികളും നെടുമ്പാശേരി വിമാനത്താവളം വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരം കേസിന്റെ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ 'താൻ ഖത്തറിലാണ്, സംഘടനയിൽ നിന്ന് താത്കാലികമായി അവധിയെടുത്തതാണ്. ഇക്കാര്യം എല്ലാവർക്കും അറിയാം. താൻ ഒളിവിലാണെന്ന വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്' തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കി ജാസ്മിൻ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം രാജ്യം വിട്ടതായി കണ്ടെത്തിയത്.
യാത്രാവിവരങ്ങളും മൊബൈൽ ഫോൺ വിളികളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളിൽ ചിലർ വ്യത്യസ്ത പേരുകളിൽ ജോലി നോക്കുന്നതായാണ് വിവരം. ഇവരെ പിടികൂടാൻ എംബസിയുടെ സഹായത്തോടെ ഖത്തർ പൊലീസിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന് ക്രൈംബ്രാഞ്ച് രേഖകൾ കൈമാറി.
അറസ്റ്റ് അനിവാര്യം
യു.എൻ.എ സാമ്പത്തിക തട്ടിപ്പ് കേസിൽ തിരിമറികൾക്ക് തെളിവ് ലഭിച്ച സാഹചര്യത്തിൽ കൂടുതൽ അന്വേഷണത്തിന് പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രാജേഷ് 'ഫ്ളാഷി'നോട് പറഞ്ഞു. മൂന്നരക്കോടിയിലേറെ രൂപയുടെ ക്രമക്കേടുള്ളതായാണ് പരാതി. എന്നാൽ, ബാങ്കിലൂടെ പലരുടെയും അക്കൗണ്ടുകൾ വഴി കൈമാറിയ പണം എന്തൊക്കെ ആവശ്യത്തിനായി ചെലവഴിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ട്. പ്രതികളെ പിടികൂടിയാൽ മാത്രമേ ഇത് സാദ്ധ്യമാകൂ. വിദേശ കാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ പ്രതികളെ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും ഡിവൈ.എസ്.പി പറഞ്ഞു.
പരാതിയിൽ വഴിതുറന്ന അന്വേഷണം
യു.എൻ.എയിൽ അംഗങ്ങളായ നഴ്‌സുമാരിൽ നിന്ന് പിരിച്ച ലെവി ഉൾപ്പടെ മൂന്നരക്കോടിയോളം രൂപ ഭാരവാഹികളിൽ ചിലർ തട്ടിയെടുത്തെന്നാണ് ആരോപണം. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാൻകോവിൽ പരൂർക്കുഴി മേലേപാണുവിൽ വീട്ടിൽ സിബി മുകേഷാണ് ബാങ്ക് രേഖകൾ സഹിതം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഘടനാ ഭാരവാഹികൾ അസോസിയേഷന്റെ പേരിലുള്ള ബാങ്ക് നിക്ഷേപത്തെയും വരവുചെലവ് കണക്കുകളെയും പറ്റി ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് പരാതി. സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരിൽ ആരെങ്കിലും രണ്ടുപേർ ഒപ്പുവച്ചാൽ മാത്രമേ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ കഴിയൂ. നഴ്സുമാരുടെ അംഗത്വ ഫീസും കേരളത്തിലെ പ്രളയ ദുരന്ത സമയത്ത് പിരിച്ച തുകയും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. തുച്ഛമായ ശമ്പളം കിട്ടുന്ന നഴ്സുമാരാണ് ഇതുമൂലം വഞ്ചിക്കപ്പെട്ടത്. തൃശൂർ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഇതേപ്പറ്റി ആദ്യം ഒരു അന്വേഷണം നടന്നെങ്കിലും തട്ടിപ്പ് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.