റിയോ ഡി ജനീറോ: നിങ്ങളുടെ ജോലി സ്ഥലത്തിനടുത്ത് തെരുവുനായ്ക്കളുടെയോ പൂച്ചകളുടെയോ ശല്യമുണ്ടോ. ബ്രസീലിലെ ബാർ അസോസിയേഷൻ ജീവനക്കാർ ഈ പ്രതിസന്ധി മറികടന്നത് വളരെ വ്യത്യസ്തമായാണ്. ലിയോൺ എന്ന് പേരിട്ടിരിക്കുന്ന ഒരു വികൃതിയാണ് കഥയിലെ നായകൻ. ലിയോണിനെ കൊണ്ട് സഹിക്കെട്ടിരിക്കുകയായിരുന്നു ഓഫീസ് ജീവനക്കാർ. ഇതിന്റെ ശല്യം തീരെ ഇഷ്ടപ്പെടാത്ത ജീവനക്കാർ ലിയോണിനെതിരെ ശക്തമായ പരാതിയുമായി മുന്നോട്ടെത്തി. റിസപ്ഷൻ ഡെസ്കുകളിലൂടെയായിരുന്നു ലിയോണിന്റെ സഫാരി. ഒടുവിൽ പൂച്ചയ്ക്കെതിരെയുള്ള പരാതി കുറയ്ക്കാനായി ബാർ അസോസിയേഷൻ ഒരു തീരുമാനമെടുത്തു.
ലിയോണിനെ അവിടത്തെ ജീവനക്കാരനായി നിയമിച്ചു! ഇപ്പോൾ ഓഫീസിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നതിന്റെ തിരക്കിലാണ് ലിയോൺ. വരുന്നവർക്ക് ഇഷ്ടമായാലും ഇല്ലേലും ലിയോൺ തന്റെ ജോലി ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. സ്വന്തമായി ഒരു ഐഡന്റിറ്റി കാർഡും ലിയോണിന് നൽകിയിട്ടുണ്ട്. ചിലപ്പോൾ കഴുത്തിൽ ഒരു ടൈ അണിഞ്ഞിരിക്കുന്നതും കാണാം. 55,000ത്തിലധികം ഫോളോവേഴ്സാണ് ഈ ' 'പൂച്ചയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ആരാധകരായുള്ളത്.