ഞെട്ടിക്കുന്ന രീതിയിലാണ് ഓരോവർഷം കഴിയുന്തോറും ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നത്. വികസിത രാജ്യമായ അമേരിക്കയിൽപോലും ഹൃദ്രോഗം വർദ്ധിക്കുന്നു. 2010ലെ കണക്കനുസരിച്ച് 20 ലക്ഷം പേരാണ് നമ്മുടെ രാജ്യത്ത് ഹൃദ്രോഗം ബാധിച്ച് മരിച്ചതെന്നതും വിസ്മരിക്കാനാവാത്തതാണ്. ആയുർവേദ ചിന്തകൾ പ്രകാരം പ്രാണന്റെയും ഓജസ്സിന്റെയും ഉറവിടമാണ് ഹൃദയം.
ഹൃദ്രോഗത്തെക്കുറിച്ച് ആയുർവേദത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. വാതജ, പിത്തജ, കഫജ, സന്നിപാതജ, കൃമിജ തുടങ്ങി അഞ്ചുവിധം ഹൃദ്രോഗങ്ങളാണുള്ളത്. വിറയൽ, നെഞ്ചിൽ കുത്തുന്ന പോലുള്ള വേദന, ബോധക്ഷയം, സന്ധികളിൽ നീർക്കെട്ട്, കിതപ്പ്, കരളിനു നീർവീഴ്ച, ഭാരക്കൂടുതൽ എന്നിവയാണ് ഹൃദ്രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ. മൂത്രം കുറഞ്ഞ അളവിൽ പോവുക, മുഖത്ത് നീലിമ, അമിതമായ വിയർപ്പ്, തുടരുന്ന പനി, ക്ഷീണം, മെലിയൽ എന്നിവയും കരുതലോടെ കാണണം. മാനസിക സമ്മർദ്ദം, തെറ്റായ ആഹാരക്രമം, പുകവലി തുടങ്ങിയവ ഹൃദയാരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു.
ഹൃദയത്തെ സംരക്ഷിക്കാൻ ചിട്ടയായ ജീവിതം അനുവർത്തിക്കുക. കൃത്യസമയത്ത് മിതമായി ഭക്ഷണം ശീലമാക്കുക, കുറഞ്ഞത് 8 മണിക്കൂറിൽ കുറയാതെ ഉറങ്ങുക എന്നിവ ഹൃദയാരോഗ്യത്തിന് അനിവാര്യം. ഫാസ്റ്റ്ഫുഡ് സംസ്‌കാരം ഹൃദയത്തെ അപകടപ്പെടുത്തുന്നു. ജീവിതചര്യ, ദിനചര്യ എന്നിവ ചിട്ടയായില്ലെങ്കിൽ ത്രിദോഷങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകും. ഇത് രക്തത്തെ അശുദ്ധമാക്കി രക്തം പമ്പു ചെയ്യുന്ന ഹൃദയത്തെ തകരാറിലാക്കുന്നു. ഹൃദയ ദമനികളിൽ തടസമുണ്ടാക്കാനുള്ള എല്ലാമാർഗങ്ങളും ഒഴിവാക്കേണ്ടതുണ്ട്. കൊഴുപ്പുള്ളതും വറുത്തതും, തണുത്തതുമായ ആഹാരങ്ങൾ ഒഴിവാക്കുക. മാംസാഹാരങ്ങൾ പരമാവധി കുറയ്ക്കുക. നാരു കൂടുതലടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. മറ്റൊരു പ്രധാനകാരണം വ്യായാമമില്ലായ്മയാണ്. രോഗികൾ വൈദ്യനിർദേശ പ്രകാരം ചികിത്സകൾ തുടരണം. നെല്ലിക്ക, വെളുത്തുള്ളി, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ, മഞ്ഞൾ, ഞവരഅരി, പാവയ്ക്ക തുടങ്ങിയവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. മോര് കറിയാക്കി ഉപയോഗിക്കുന്നതും ഗുണം ചെയ്യും.
ഡോ. ഇറിന എസ്. ചന്ദ്രൻ
പുല്ലായിക്കൊടി ആയുർവേദ,
പൂക്കോത്ത് നട,
തളിപ്പറമ്പ്
ഫോൺ 9544657767.