kummanam-rajasekharan-

തിരുവനന്തപുരം: മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് വിജയം സുനിശ്ചിതമാണെന്ന് പാർട്ടി സംസ്ഥാന വക്താവ് എം.എസ് കുമാർ പറഞ്ഞു. ഇരുമുന്നണികളുടെയും ഒത്തുതീർപ്പ് രാഷ്ട്രീയം ജനത്തിന് മടുത്തു കഴിഞ്ഞു. ഇതിനെതിരായ വിധിയെഴുത്തായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ്. പാലാരിവട്ടം പാലം അഴിമതിയിൽ മുൻമന്ത്രിയും ലീഗ് നേതാവുമായ ഇബ്രാഹിംകുഞ്ഞിന്റെ പങ്കിനെക്കുറിച്ച് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് പറഞ്ഞതാണല്ലോ. എന്തുകൊണ്ടാണ് ഇബ്രാഹിം കുഞ്ഞിനെ തൊടാത്തത്. ലാവ് ലിൻ കേസിനെക്കുറിച്ച് യു.ഡി.എഫുകാർക്കൊന്നും ഇപ്പോൾ പറയാനില്ലല്ലോ. ബാർകോഴയും സോളാർ അഴിമതിയും ഒക്കെ രണ്ടുകൂട്ടരും ചേർന്ന് മുക്കിയില്ലേ. ഇത് ജനങ്ങൾ വകവച്ചു തരില്ല.

ബി.ജെ.പിയിൽ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് പരാതിയൊന്നുമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മഞ്ചേശ്വരത്തുൾപ്പെടെ നല്ല വോട്ട് പിടിക്കുകയും ചെയ്ത നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ പറ്റില്ല എന്നുപറഞ്ഞ് കള്ളക്കഥ പ്രചരിപ്പിക്കുകയാണ്. കുമ്മനം രാജേശേഖരനെ വട്ടിയൂർക്കാവിൽ നിന്നൊഴിവാക്കിയതല്ല. ആദ്യം മുതലേ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. പ്രാദേശിക പ്രവർത്തകരുടെയും മണ്ഡലം ജില്ലാ കമ്മിറ്രികളുടെയും നിർബന്ധംകാരണം ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിയാവാമെന്ന് അദ്ദേഹം സമ്മതം മൂളിയതാണ്. ഡൽഹിയിൽ നിന്ന് വിളിച്ച് ചോദിച്ചപ്പോൾ കുമ്മനം വൈമനസ്യം കാണിച്ചതുകാരണമാണ് പട്ടികയിലെ രണ്ടാം പേരുകാരനെ സ്ഥാനാർത്ഥിയാക്കിയത്. എം.എസ് കുമാർ 'ഫ്ളാഷി'നോട്:

ഇടതിന് ജയസാദ്ധ്യത തീരെയില്ല

ശബരിമലയിൽ ഈ സർക്കാരെന്താണ് കാണിച്ചതെന്ന് ജനം കണ്ടതാണ്. അവരെ ജനം തള്ളിക്കളഞ്ഞതുമാണ്. അതിൽ നിന്ന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ല. വട്ടിയൂർക്കാവിൽ മേയറെ മുൻ നിറുത്തിയാണ് സി.പി.എമ്മിന്റെ പ്രകടനം. അദ്ദേഹം പ്രളയ കാലത്ത് ചെയ്തതൊക്കെ ഏതൊരു യുവജന ക്ലബ് സെക്രട്ടറി ചെയ്യുന്ന കാര്യം മാത്രമാണ്. നഗരത്തിലെ റോ‌‌ഡുകൾ പരിപാലിക്കുകയും മാലിന്യം ഒഴിവാക്കുകയും ചെയ്യേണ്ട മേയർ അതിലെന്തു ചെയ്തു എന്നാണ് ജനം ചോദിക്കുക. അക്കാര്യത്തിൽ ഈ മേയർ തികഞ്ഞ പരാജയമാണ്.

പട്ടിക എത്തിക്കാൻ വൈകി

സ്ഥാനാർത്ഥികളെ തീരുമാനിച്ചത് വൈകിയല്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തുടർച്ചയായി കൂടുന്ന സമയത്ത് കേരളത്തിൽ നിന്നുള്ള പട്ടിക എത്തിക്കാൻ കഴി‌ഞ്ഞില്ലെന്ന സാങ്കേതിക പിഴവ് മാത്രമാണ് സംഭവിച്ചത്. അതുകൊണ്ടാണ് പ്രഖ്യാപനം വൈകിയത്. അതേസമയം വോട്ടർപട്ടികയിൽ ആളുകളെ ചേർക്കൽ തുടങ്ങിയ കാര്യങ്ങൾ ബി.ജെ.പി നേരത്തെതന്നെ തുടങ്ങിയിരുന്നു.