വെള്ളറട: സർക്കാർ ഭൂമിയിൽ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുമ്പോൾ ഇവിടുത്തെ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. വെള്ളറട ഗ്രാമപഞ്ചായത്തിലെ ആനപ്പാറയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കായി പണികഴിപ്പിച്ച കെട്ടിടങ്ങളും വിവിധ വകുപ്പുകളുടെ സ്ഥലവും ഉപയോഗ ശൂന്യമായി കിടക്കുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ വാടകയിനത്തിൽ സർക്കാർ ഖജനാവിൽ നിന്നും നൽകുന്നത്. സബ് രജിസ്റ്റാർ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, പോസ്റ്റോഫീസ്, വില്ലേജ് ഓഫീസ് ഗവ. ഹോമിയോ ആശുപത്രി എന്നിവയ്ക്ക് സ്വന്തമായി ഇവിടെ കെട്ടിടമില്ല. ഇതിൽ സബ് രജിസ്റ്റാർ ഓഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, പോസ്റ്റോഫീസ് എന്നിവ പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്.
വനം വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും സ്ഥലവും കെട്ടിടങ്ങളും വെറുതെ കിടക്കുകയാണ്. ഈ സ്ഥലങ്ങൾ ഗ്രാമവികസന വകുപ്പ് ഏറ്റെടുത്ത് പഞ്ചായത്തിലെ സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളറടയിൽ അഗ്നിബാധയുണ്ടായാൽ ഇരുപതും പതിനഞ്ചും കിലോമീറ്റർ അപ്പുറമുള്ള നെയ്യാർഡാം, കാട്ടാക്കട, പാറശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തണം. അടിയന്തിരമായി ഫയർ സ്റ്റേഷന് ആനപ്പാറയിൽ സ്ഥാപിക്കാൻ നടപടിവേണമെന്നും സ്വന്തമായി കെട്ടിടമില്ലാത്ത സർക്കാർ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിച്ച് നൽകണമെന്നുമാണ് പൊതു ആവശ്യം.
സർക്കാരിന്റെ പതിനൊന്നിന പരിപാടിയിലൂടെ നിർമ്മിച്ച ശിശുമന്ദിരത്തിന്റെ കെട്ടിടത്തിലെ ഒരു മുറിയിലാണ് ഇപ്പോൾ വില്ലേജോഫീസ് പ്രവർത്തിക്കുന്നത്. അടുത്ത മുറിയിൽ ഗവ. ഹോമിയോ ആശുപത്രിയും. വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച കെട്ടിടത്തിന്റെ ഇടുങ്ങിയ മുറികളിൽ പ്രവർത്തിക്കുന്ന വില്ലേജോഫീസിനും ഹോമിയോ ആശുപത്രിക്കും തങ്ങളുടെ ഫയലുകളും മറ്റും സൂക്ഷിക്കാൻ നന്നേപാടുപെടുകയാണ്.
വെള്ളറടയിൽ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിക്കുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനവും നിലവിലുണ്ട്. ആനപ്പാറയിൽ സ്ഥലം ആവശ്യത്തിലേറെയുള്ളപ്പോൾ ഇവിടെ ഒരു ഓഫീസ് കോംപ്ലക്സ് പണികഴിപ്പിച്ചാൽ സബ് ട്രഷറിയും ഫയർ സ്റ്റേഷനും രജിസ്റ്റാർ ഓഫീസും പോസ്റ്റ് ഓഫീസും പ്രവർത്തിപ്പിക്കാനാകും. എന്നാൽ ഇവ വാഗ്ദാനളായി മാത്രം ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.
ആനപ്പാറയിലെ ഫോറസ്റ്റിന്റെ സ്ഥലത്താണ് വർഷങ്ങളായി മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇത് ഫോറസ്റ്റ് അധികൃതർ മാർക്കറ്റ് ഒഴിപ്പിച്ചതോടെ സമീപത്തെ പൊലീസ് കോർട്ടേഴ്സിന്റെ സ്ഥലത്തേക്ക് വ്യാപാരികൾ മാറി. എന്നാൽ പൊലീസും തങ്ങളുടെ സ്ഥലം കെട്ടിയടച്ചതോടെ വ്യാപാരികൾ കച്ചവടം കാരമൂട്ടിലെ റോഡുവക്കിലേക്ക് മാറ്റിയിരിക്കുകയാണ്. മാർക്കറ്റ് സൗകര്യ പ്രഥമായ സ്ഥലത്ത് പ്രവർത്തിക്കാൻ നടപടിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനും പരിഹാരം കാണാണമെന്നാവശ്യപ്പെട്ട് ആനപ്പാറ, ചുരുളി, മണലി, പനയാട്, തുടങ്ങിയ പ്രദേശങ്ങളിലെ 500 ഓളം നാട്ടുകാരാണ് ഒപ്പിട്ട നിവേദനം ബന്ധപ്പെട്ട അധികൃതർക്ക് നൽകി.