titanic

1898ൽ അമേരിക്കൻ എഴുത്തുകാരനായ മോർഗൻ റോബർട്ട്സൺ രചിച്ച നോവലാണ് 'ഫ്യൂട്ടിലിറ്റി അഥവാ റെക് ഒഫ് ദ ടൈറ്രൻ'. ടൈറ്റൻ എന്ന ഒരു പടുകൂറ്റൻ ആഡംബര കപ്പൽ നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിൽ ഇടിച്ചു തകരുന്നതായി നോവലിൽ പറയുന്നു. ടൈറ്റനിൽ ജോലിചെയ്യുന്ന, മദ്യപാനത്തിന് അടിമയായ ഒരു മുൻ യു.എസ് നേവി ഉദ്യോഗസ്ഥന്റെ കഥയാണ് ഈ നോവൽ. കേട്ടിട്ട് വളരെ പരിചയം തോന്നുന്നുണ്ടല്ലേ. 1912ൽ ഇതേ സാഹചര്യത്തിൽ കടലിന്റെ ആഴങ്ങളിലേക്ക് മറഞ്ഞ ആർ.എം.എസ് ടൈറ്റാനിക്കിനെ ഓർമ വരുന്നുണ്ടാകും. മോർഗൻ റോബർട്ട്സൺ ഈ നോവൽ എഴുതി പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ടൈറ്റാനിക് മുങ്ങിയത്. കഥയിൽ പറ‌ഞ്ഞിരിക്കുന്ന പോലെ അതേ സമുദ്രം, ഐസ് ബർഗ്, കപ്പലുകളുടെ പേരിലും സാദൃശ്യം. ടെറ്റനും ടൈറ്റാനിക്കും.

titanic

ടൈറ്റാനിക് അപകടത്തിൽപെട്ടതോടെയാണ് ഈ നോവൽ ലോക പ്രശസ്‌തമാകുന്നത്.

ഏപ്രിൽ മാസത്തെ ഒരു തണുത്ത രാത്രിയിൽ നോവലിലെ ടൈറ്റൻ, മഞ്ഞുമലയിൽ ഇടിച്ച് തകർന്നു. അതുപോലെ 1912 ഏപ്രിൽ 15ന് രാത്രിയാണ് ആണ് ആർ.എം.എസ് ടൈറ്റാനിക് തകർന്നതും! വിചിത്രമായ വേറെ പല സാമ്യവും നോവലിനും യഥാർത്ഥ ടൈറ്റാനിക്കും തമ്മിൽ ഉണ്ട്. നോവലിൽ 2,500 യാത്രക്കാരുമായി ടൈറ്റൻ മുങ്ങുമ്പോൾ രക്ഷപ്പെടാൻ 24 ലൈഫ് ബോട്ടുകളേ ഉണ്ടായിരുന്നുള്ളു. 2,220ലേറെ യാത്രക്കാരുമായി പുറപ്പെട്ട ടൈറ്റാനിക്കിലാകട്ടെ വെറും 20 ലൈഫ് ബോട്ടുകളും. കഥയിലുള്ളതും യഥാർത്ഥവുമായ ഇരുകപ്പലുകളുടെയും വലതുഭാഗമാണ് മഞ്ഞുമലയിൽ ഇടിച്ചത്.

കഥയിൽ ടൈറ്റന് 800 അടി നീളമുണ്ടെന്ന് പറയുന്നു. ടൈറ്റാനിക്കിനാകട്ടെ 882 അടി 9 ഇഞ്ചും. നോവലിൽ ലോകത്തെ ഏറ്റവും വലിയ കപ്പലായാണ് ടൈറ്റനെ അവതരിപ്പിച്ചത്. അന്ന് നിർമിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ലോകത്തെ ഏറ്റവും വലിയ കപ്പലായിരുന്നു ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്ത കപ്പൽ എന്ന് കഥയിൽ വിശേഷിപ്പിച്ചത് പോലെ തന്നെ ടൈറ്റാനിക്കിനെയും ലോകം വിശേഷിപ്പിച്ചിരുന്നു. ടൈറ്റാനിക് തകർന്നിട്ട് ഇപ്പോൾ 107 വർഷങ്ങൾ തികഞ്ഞിരിക്കുന്നു. 1,500 ലേറെ പേരാണ് ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചത്. നോവൽ അപ്രതീക്ഷിതമായി സത്യമായതോടെ റോബർട്ട്സണും ഫ്യൂട്ടിലിറ്റി നോവലും ഏറെ ശ്രദ്ധിക്കപ്പെട്ടു. നോവലിന്റെ വില്‌പന വൻതോതിൽ കൂടുകയും ചെയ്‌തു.