നെയ്യാറ്റിൻകര: തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വകമാറ്റി ചെലവഴിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. ഇക്കാര്യം അടുത്ത കൗൺസിലിൽ ചർച്ച ചെയ്യാമെന്ന ഉറപ്പിനെത്തുടർന്ന് മൂന്നുമണിക്കൂറിനുശേഷം ഉപരോധം പിൻവലിച്ചു.
പി.എം.എ.വൈ ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്താക്കളായ തൊഴിലാളികൾക്ക് ഇരുപതിനായിരം രൂപ നൽകാൻ സർക്കാരിന്റെ സർക്കുലർ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് പദ്ധതിക്കായി ലഭിച്ച അൻപതുലക്ഷം രൂപ വിനിയോഗിച്ച് ഭവന പദ്ധതിയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാൻ ഭരണപക്ഷം തീരുമാനിച്ചു. അതേസമയം ഇവർക്ക് 90 ദിവസത്തെ വേതനമായ 20,000 രൂപ നൽകാൻ ഫണ്ടില്ലാത്തത് കാരണമാണ് വിതരണം ചെയ്യാത്തതെന്നാണ് മുനിസിപ്പൽ അധികൃതരുടെ വിശദീകരണം.
പ്രതിപക്ഷ കൗൺസിലർമായ ഗ്രാമം പ്രവീൺ, പുന്നയ്ക്കാട് സജു, വി. ഹരികുമാർ, എ. സലിം, അനിത, എൽ.എസ്. ഷീല, അജിത, സുനിത, സുകുമാരി എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.