ഒരേ കാലഘട്ടത്തിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന മഹാത്മാക്കളായിരുന്നു രമണ മഹർഷിയും ഗാന്ധിജിയും. പക്ഷേ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഒരിക്കലും നടന്നില്ല. തമിഴ്നാട്ടിലെ പര്യടനത്തിനിടയിൽ മൂന്ന് തവണ രമണ മഹർഷിയെ കാണാൻ ഗാന്ധിജി തയ്യാറായതാണ്. പക്ഷേ അവസാന നിമിഷത്തെ തിരക്കുകളാൽ കൂടിക്കാഴ്ച നടന്നില്ല.
ഒരിക്കൽ തിരുവണ്ണാമലയിലെ രമണാശ്രമത്തിന്റെ മുന്നിലൂടെ ഗാന്ധിജി യോഗ സ്ഥലത്തേക്ക് കാറിൽ കടന്നുപോയി. സി. രാജഗോപാലാചാരിയാണ് കാറിൽ ഒപ്പമുണ്ടായിരുന്നത്. അന്ന് ഗാന്ധിജി ആശ്രമത്തിൽ എത്തുമെന്ന് കരുതി ചെറിയ ചില ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ഗാന്ധിജി സന്ദർശിക്കുമോ എന്ന ആശ്രമവാസികളുടെ ചോദ്യത്തിന് ഉത്തരം പറയാതെ മഹർഷി മൗനം പാലിച്ചു.
ഗാന്ധിജിക്ക് ആശ്രമത്തിൽ കയറണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാജഗോപാലാചാരിക്ക് താത്പര്യമില്ലായിരുന്നു. സ്വാതന്ത്ര്യ സമരം കത്തിക്കാളുന്ന അവസരത്തിൽ അതിലൊന്നിലും പങ്കാളിയാകാതെ മാറിനിൽക്കുന്ന സ്വാമി എന്ന നിലയിൽ രമണ മഹർഷിയോട് രാജഗോപാലാചാരിക്ക് മതിപ്പുണ്ടായിരുന്നില്ല.
നേരിൽ കണ്ടിട്ടില്ലെങ്കിലും, ഗാന്ധിജി തന്റെ സമീപത്ത് തീവ്രദുഃഖങ്ങളുമായെത്തുന്ന ചിലരെ മഹർഷിയുടെ അടുത്തേക്ക് വിടുമായിരുന്നു. അദ്ധ്യാത്മിക ശക്തിയാണ് ഗാന്ധിജിയെ നയിക്കുന്നതെന്ന് മഹർഷി അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയുടെ കോകിലമെന്ന് ഗാന്ധിജി വിശേഷിപ്പിച്ച സരോജിനി നായിഡു ഒരിക്കൽ തമാശരൂപേണ പറഞ്ഞു - 'ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന രണ്ട് മഹാത്മാക്കളാണ് രമണ മഹർഷിയും ഗാന്ധിജിയും. രമണ മഹർഷിയുടെ അടുത്തു പോയാൽ നമുക്ക് പൂർണ ശാന്തിയോടെ ഇരിക്കാൻ കഴിയുന്നു. എന്നാൽ ഗാന്ധിജിയാകട്ടെ ഒരു നിമിഷം പോലും സമാധാനത്തോടെ ഇരിക്കാൻ നമ്മളെ അനുവദിക്കുന്നുമില്ല".
അരുണാചലത്തിലെ പതിവ് നടത്തയ്ക്ക് ശേഷം ഒരു ദിവസം തിരിച്ചുവന്നപ്പോഴാണ് ഗാന്ധിജിയെ വെടിവച്ചുകൊന്ന വിവരം രമണ മഹർഷിയെ ആശ്രമവാസികൾ അറിയിച്ചത്. ഗാന്ധിജിക്ക് പ്രിയപ്പെട്ട 'വൈഷ്ണവ ജനതോ" എന്ന പ്രാർത്ഥന അന്ന് വൈകിട്ട് ആശ്രമത്തിൽ മഹർഷിയുടെ സാന്നിദ്ധ്യത്തിൽ ആലപിക്കുകയും ചെയ്തു. ഇൗ ഭജന്റെ വരികളുടെ അർത്ഥവും ഗാന്ധിജിയുടെ ജീവിതവും രണ്ടല്ല.
ഒരിക്കലും നടക്കാതെ പോയ ആ കൂടിക്കാഴ്ചയെപ്പറ്റി രമണ മഹർഷി ഒന്നും പറഞ്ഞിട്ടില്ല. ഒരിക്കൽ മാത്രം ഒരു ചോദ്യത്തിന് മറുപടിയായി 'കണ്ടില്ലെങ്കിലെന്താ, എല്ലാം അറിയുന്നുണ്ടല്ലോ" എന്ന് മാത്രം പറഞ്ഞു.